‘ഇൻഡസ്ട്രിയൽസ്മാർട്ട് സിറ്റി’ രണ്ടു വർഷ കാത്തിരിപ്പിനൊടുവിൽ
text_fieldsപാലക്കാട്: ഓണസമ്മാനമായി കേന്ദ്ര സർക്കാർ അനുവദിച്ച ‘ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി’ പദ്ധതി സ്ഥലമെടുപ്പ് ഭാഗികമായി പൂർത്തിയാക്കി രണ്ടു വർഷമായി സംസ്ഥാനം കാത്തിരിക്കുന്ന പദ്ധതി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടാണ് കേന്ദ്രം ഇപ്പോൾ അന്തിമ അനുമതി നൽകിയതെന്ന വിമർശനമുയർന്നിട്ടുണ്ട്. 8729 കോടി മുതൽമുടക്ക് ലക്ഷ്യമിടുന്ന ‘ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി’ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതിനകം 1344 കോടി ചെലവിട്ട് പുതുശ്ശേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായി 1273 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. 1710 ഏക്കർ ആവശ്യമുള്ള പദ്ധതിക്ക് ബാക്കി ഭൂമി പുതുശ്ശേരി വില്ലേജിൽനിന്ന് അന്തിമ അനുമതിയോടെ ഏറ്റെടുക്കേണ്ടിവരും.
ദേശീയ വ്യവസായ വികസന ഇടനാഴി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അംഗീകരിച്ച 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതികളിലൊന്നാണ് പാലക്കാടിന് ലഭിച്ചത്. ദേശീയ വ്യവസായ ഇടനാഴി ചെന്നൈയിൽനിന്ന് കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടാൻ തീരുമാനിച്ചതോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയത്. പഠനവും ഉന്നതതല ചർച്ചകളും സംസ്ഥാന സർക്കാർ തലത്തിൽ നടന്നു.
2022 ഡിസംബറിൽ കേന്ദ്രത്തിന് സമർപ്പിച്ചെങ്കിലും പദ്ധതി രണ്ടു വർഷമായി വൈകുകയാണെന്ന് കഴിഞ്ഞ ലോക്സഭ സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി ആരോപിച്ചിരുന്നു. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്ര അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടേതുൾപ്പെടെ മെഡിസിനൽ, കെമിക്കൽ, ബോട്ടാണിക്കൽ പ്രോഡക്ട്‌സ്, റബർ അധിഷ്ഠിത ഉൽപന്ന യൂനിറ്റുകളാണ് ക്ലസ്റ്ററിൽ പാലക്കാട് വ്യവസായിക മേഖലയിൽ പ്രതീക്ഷിക്കുന്നത്.
51,000 പേർക്ക് തൊഴിലവസരവും 3806 കോടി പദ്ധതിചെലവും പ്രതീക്ഷിക്കുന്നതായി കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.