കരിങ്കല്ലിലും മണ്ണിലും ‘പൊന്നരിച്ച്’ വ്യവസായ വകുപ്പ്
text_fieldsമലപ്പുറം: 2016 മുതൽ 2023 വരെയുള്ള ഏഴുവർഷ കാലയളവിൽ ധാതു ഉൽപാദനം നടത്തിയതിൽ റോയൽറ്റി ഇനത്തിൽ വ്യവസായ വകുപ്പിന് കൂടുതൽ തുക ലഭിച്ചത് ചെറുകിട ധാതു ഗണത്തിൽപ്പെട്ട കരിങ്കല്ലിൽനിന്ന് (ഗ്രാനൈറ്റ് ബിൽഡിങ് സ്റ്റോൺ). ആകെ 571.17 കോടി രൂപയാണ് കരിങ്കല്ല് ഉൽപാദനത്തിലൂടെ ലഭിച്ചത്. റോയൽറ്റി ഇനത്തിൽ 2017 -18 കാലയളവിലാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. ഈ വർഷം 92.55 കോടി രൂപയാണ് വകുപ്പിന് കിട്ടിയത്. ചെറുകിട ധാതുവിൽ ഉൾപ്പെട്ട സാധാരണ മണ്ണിനും പൊന്നുംവിലയാണ് വ്യവസായ വകുപ്പിന് ഈ കാലയളവിൽ കിട്ടിയത്. പണം ലഭിച്ച പട്ടികയിൽ രണ്ടാം സ്ഥാനം പിടിക്കാനും മണ്ണിന് കഴിഞ്ഞു. 144.57 കോടിയാണ് ഏഴുവർഷംകൊണ്ട് വ്യവസായ വകുപ്പ് നേടിയത്. 2022 -23 വർഷത്തിലായിരുന്നു സാധാരണ മണ്ണ് നൽകിയതിലൂടെ ഏറ്റവുമധികം റോയൽറ്റി നേടിയത്. 39.07 കോടി രൂപയാണ് ഈ വർഷത്തിൽ വകുപ്പ് നേടിയെടുത്തത്. ചെറുകിട ധാതുവിൽപ്പെട്ട ചെങ്കല്ല് ഉൽപാദനത്തിലൂടെ 32.42 കോടിയും റോയൽറ്റി ഇനത്തിൽ കിട്ടി. ഇതിൽ 2016 -17ലാണ് കൂടുതൽ തുക ലഭിച്ചത്. 11.39 കോടിയാണ് വരവ്. ഏറ്റവും കുറവ് വന്നത് 2021 -22ലായിരുന്നു. കോവിഡ് സമയമായിരുന്ന ഈ കാലയളവിൽ 73.73 ലക്ഷം മാത്രമാണ് ലഭിച്ചത്.
വൻകിട ധാതു ഗണത്തിൽ ടൈറ്റാനിയത്തിന്റെയും ഇരുമ്പിന്റെയും ഓക്സൈഡായ ഇൽമനൈറ്റ് വിൽപനയിലൂടെ 21.72 കോടിയാണ് ഏഴുവർഷംകൊണ്ട് നേടിയത്. 2022 -23 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ റോയൽറ്റി സ്വന്തമാക്കിയത്. 6.47 കോടിയാണ് ലഭിച്ചത്. ചുണ്ണാമ്പുകല്ല് ഉൽപാദനത്തിലൂടെ 20.48 കോടിയും റോയൽറ്റി കിട്ടി. 2017 -18ലാണ് കൂടുതൽ ലഭിച്ചത്- 4.17 കോടിയാണ് വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.