കോവിഡാനന്തരം രാജ്യത്ത് അസമത്വവും ധ്രുവീകരണവും വര്‍ധിച്ചു -പി. സായ്‌നാഥ്
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് അസമത്വവും സാമൂഹിക ധ്രുവീകരണവും വര്‍ധിച്ചുവെന്ന് പി. സായിനാഥ്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 നെ ഒരു മഹാമാരിയായിട്ടാണ് നമ്മള്‍ മനസ്സിലാക്കാറുള്ളത്. കോവിഡ് മഹാമാരിക്ക് അപ്പുറത്ത് മൂന്ന് സാമൂഹിക മഹാമാരികള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന് അസമത്വമാണ്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന വ്യക്തികളെ രാഷ്ട്രീയമായി ക്രിമിനലുകളാക്കി അടിച്ചമര്‍ത്തുക എന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത് സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുകയും സാമൂഹികമായി ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതാണ്. വിവേചനത്തില്‍ അധിഷ്ടിതമായ നിലവിലെ സാമൂഹിക ക്രമത്തിനുള്ള പരിഹാരം ഭരണഘടന തന്നെയാണ്. ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തിയും കര്‍ഷക സമരങ്ങള്‍ പോലെയുള്ള ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങളിലൂടെയും വിവേചനരഹിതമായ സാമൂഹിക നിര്‍മിതിയെ സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ടി. അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടന സെഷനില്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. അടിച്ചമര്‍ത്തപ്പെടുന്ന സാമൂഹിക വിഭാഗങ്ങള്‍ സ്വയം ശാക്തീകരിക്കപ്പെടുകയാണ് എന്‍.ജി.ഒകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാമൂഹിക വിഭാഗങ്ങള്‍ നടത്തുന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങളെ സാമുദായികമായി കാണാതെ ദേശീയ ഉന്നമനത്തിന്റെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. വര്‍ത്തമാനകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി ചടങ്ങിൽ സംസാരിച്ചു.
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ചെയര്‍മാന്‍ എസ്.എം വിജയാനന്ദ്, കപ്പാസിറ്റി ബില്‍ഡിങ്ങ് അറ്റ് പ്രവാഹ് ഡയറക്ടര്‍ ഇഷാനി സെന്‍, ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ ഡോ. എം. പ്രീതി എന്നിവര്‍ സംബന്ധിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ് സ്വാഗതവും പ്രൊജക്റ്റ് ഡയറക്ടർ ഡോ. വി.എം. നിഷാദ് നന്ദിയും പറഞ്ഞു.
രണ്ട് ദിവസം 14 സെഷനുകളിലായി അവതരണങ്ങളും ചർച്ചകളും നടക്കുന്ന കോണ്ഫെറസിൽ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം എൻ.ജി.ഒകളിൽ നിന്നായി 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.