അസമത്വം നിയമം വഴി നടപ്പാക്കുന്നു- ആകാർ പട്ടേൽ
text_fieldsകോഴിക്കോട്: അസമത്വം നിയമം വഴി നടപ്പാക്കുന്ന സങ്കുചിത ദേശീയതയാണ് രാജ്യത്ത് വളർത്തിയെടുക്കുന്നതെന്ന് ഇന്ത്യയിലെ ആംനെസ്റ്റി ഇന്റർനാഷനൽ അധ്യക്ഷൻ ആകാർ പട്ടേൽ.ചിന്ത രവീന്ദ്രൻ പുരസ്കാരം പ്രമുഖ മാധ്യമ പ്രവർത്തകൻ പി. സായ്നാഥിന് നൽകിയശേഷം, ‘അഖണ്ഡ ഭാരതം: ദക്ഷിണേന്ത്യയെ പുനഃസങ്കൽപിക്കാൻ ശ്രമിക്കുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹമോചനം ക്രിമിനൽ കുറ്റമായ ഏക സമുദായമാക്കി മുസ്ലിംകളെ മാറ്റി. 2018ന് ശേഷം എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുവും മുസ്ലിമും വിവാഹം കഴിക്കുന്നത് ക്രിമിനൽ കുറ്റമാക്കി. കുട്ടികൾ ഉണ്ടെങ്കിൽ പോലും അത്തരം വിവാഹങ്ങൾ റദ്ദാക്കാൻ ചില സംസ്ഥാനങ്ങളിൽ വ്യവസ്ഥയുണ്ട്. ഇന്ത്യ ഭരിക്കുന്ന കക്ഷിക്ക് രാജ്യസഭയിലോ ലോക്സഭയിലോ മുസ്ലിം അംഗങ്ങളില്ല.
ചരിത്രത്തിലാദ്യമായി ഇന്ത്യയിലിപ്പോൾ ഒറ്റ മുസ്ലിം കാബിനറ്റ് മന്ത്രി പോലുമില്ല. രാജ്യത്ത് ഒരിടത്തും മുസ്ലിം മുഖ്യമന്ത്രിയില്ല. ബി.ജെ.പിക്ക് രാജ്യമെങ്ങും ആയിരത്തോളം എം.എൽ.എമാരുണ്ടെങ്കിലും അവരിൽ ഒറ്റ മുസ്ലിം സമുദായക്കാരനില്ല.ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാടുകളും ശരിയായിരുന്നില്ല.
1947ൽ ഇന്ത്യയിൽ 1000 എ.ഐ.സി.സി. അംഗങ്ങളിൽ മൂന്ന് ശതമാനം മാത്രമായിരുന്നു മുസ്ലിംകൾ. ഇത് കോൺഗ്രസിനെ ഹിന്ദു കക്ഷിയെന്ന് മുദ്രകുത്താൻ ലീഗിന് സൗകര്യമൊരുക്കി. ബി.ജെ.പി വന്നപ്പോഴും അതേ നിലപാടുകൾ തുടർന്നുവെന്ന് മാത്രം. എല്ലാ അർഥത്തിലും ഡൽഹി കേന്ദ്രീകരിച്ച ഭരണമാണ് നടക്കുന്നതെന്നും ആകാർ പട്ടേൽ പറഞ്ഞു.
കോടതിയുടെ വീർ സവർക്കർ പ്രയോഗം രാജ്യമെത്തിയ അവസ്ഥ കാണിക്കുന്നു- സായിനാഥ്
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ കേസ് പരിഗണിക്കുമ്പോൾ ഗുജറാത്ത് ഹൈകോടതി ജഡ്ജി വീർ സവർക്കർ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ കാണിക്കുന്നുവെന്ന് അവാർഡ് ഏറ്റു വാങ്ങിക്കൊണ്ട് പി. സായിനാഥ് പറഞ്ഞു. സവർക്കറുടെ പേരിനൊപ്പമില്ലാത്ത ‘വീർ’ എന്ന വിശേഷണം കോടതിയിൽ നിന്നാണ് എന്നത് ഭീതിയുണർത്തുന്നതാണ്.
മാധ്യമ ലോകത്തിന്റെ തകർച്ച പ്രധാനമാണ്. ബി.ജെ.പി അവർ മുമ്പ് പറഞ്ഞതുപോലും മാറ്റി ചരിത്രത്തെ കൊലചെയ്യുകയാണ്. സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനോടുള്ള സമൂഹത്തിന്റെ പ്രതികരണം അവഹേളനാപരമായിരുന്നുവെന്നും സായിനാഥ് പറഞ്ഞു.എല്ലാം ഏകശിലയിലേക്ക് ഒതുക്കുന്ന കാലത്ത് നിന്ന് ചിന്തിക്കുമ്പോൾ രവിയുടെ സൃഷ്ടികൾ എത്രമാത്രം പ്രതിരോധാത്മകമാണെന്ന് കാണാമെന്ന് അധ്യക്ഷത വഹിച്ച എൻ.എസ്. മാധവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.