ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
text_fieldsതിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 9 മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ശിശുവിന്‍റെ മുത്തശ്ശി നൽകിയ പരാതിയിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. അമ്പലപ്പുഴ തെക്ക് കമ്പിയിൽ വീട്ടിൽ ഹരികൃഷ്ണൻ - വന്ദന ദമ്പതികളുടെ ആൺ കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സൂസനക്കെതിരെ കേസെടുത്തത്.
കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം എട്ടാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ വന്ദന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീണ്ടും കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ വന്ദനയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ഡോക്ടർ സൂസൻ വന്ദനയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വന്ദനയ്ക്ക് വൈകിട്ടോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം നടത്തിയ സ്കാനിംഗിൽ ആണ് കുഞ്ഞിനെ വയറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈകിട്ട് 7 മണിയോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ മാതാവ് വന്ദന തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.