അട്ടപ്പാടിയില്‍ ശിശുമരണം വർധിക്കുന്നു; മന്ത്രിയുടെ നാടകം ഫലംകണ്ടില്ല
text_fieldsകോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി ഊരുകളിലെ ശിശുമരണം കൂടുന്നു. മന്ത്രി വീണ ജോർജിന്റെ നാടകങ്ങൾ ഫലംകണ്ടില്ലെന്ന് ആദിവാസികൾ. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയുടെ സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെ മാറ്റിയത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് ആദിവാസികളുടെ ആരോപണം.
ആരോഗ്യമന്ത്രി നടപ്പാക്കിയ പരിഷ്കാരമാണ് കോട്ടത്തറ ആശുപത്രിയെയും ആദിവാസികളുടെ ആരോഗ്യ പരിരക്ഷയെയും തകർത്തത്. ഡോ. പ്രഭുദാസ് ആശുപത്രിയിൽ വന്നതിനുശേഷം മരണസംഖ്യയിൽ കുറവുണ്ടായിരുന്നു. ആദിവാസികളോട് മനുഷ്യപ്പറ്റുള്ള ഡോക്ടറായിരുന്നു പ്രഭുദാസ്. അദ്ദേഹത്തിന് ആദിവാസികളുടെ ഭാഷ മനസിലാകുമായിരുന്നു. ഡോ. പ്രഭുദാസ് പോയതോടെ കോട്ടത്തറ ആശുപത്രി നാഥനില്ലാകളരിയായി.
ആശുപത്രി സ്റ്റാഫിനെ 20 ശതമാനം അധിക ശമ്പളം നൽകിയെങ്കിലും ജീവനക്കാർ ഏറെയും ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ചികിത്സ തേടിയെത്തുന്ന ആദിവാസികൾക്ക് പരിഗണന ലഭിക്കുന്നില്ല. പ്രഭുദാസ് രോഗികളെ പ്രത്യേകം ശ്രദ്ധിച്ച് ലിസ്റ്റ് ചെയ്തിരുന്നു. അവരുടെ ചികിത്സ ഫോളോ ചെയ്യാൻ അദ്ദേഹം മുൻകൈയെടുത്തു. ജീവനക്കാർ വിട്ടുപോകുന്ന കുട്ടികളെപോലും അദ്ദേഹം കണ്ടെത്തി. ഓരോ കുട്ടിക്കും പരിരക്ഷ ഉറപ്പുവരുത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.
ആരോഗ്യവകുപ്പിലെ ജീവനക്കാർ കോളനികൾ സന്ദർശിച്ച് റിപ്പോർട്ട് നൽകണമായിരുന്നു. ജീവനക്കാരെ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മെഡിക്കൽ സൂപ്രണ്ട് വരെ പല തട്ടുകളായി തിരിച്ച് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകൾ നൽകി. ആശാവർക്കർമാർ, അംഗൻവാടി വർക്കേഴ്സ്, ഐ.ടി.ഡി.പി നേഴ്സ്, ഓപി ക്ലിനിക്കുകൾ, മെഡിക്കൽ യൂനിറ്റുകൾ ഇതെല്ലാം പ്രഭുദാസിന്റെ കാലത്ത് സജീവമായിരുന്നു.
നിരന്തരം ഫീൽഡിൽ ക്യാമ്പ് നടത്തിയിരുന്നു. ഗുരുതര രോഗികളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും കൊച്ചിയിലെ ലിസി ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. രോഗികളുടെ ചെലവുകൾ വഹിച്ചത് സർക്കാർ ആണ്.
ഇന്ന് ആരോഗ്യപ്രവർത്തകർ ഊരുകളിൽ എത്തുന്നില്ല. കൗമാരക്കാരിൽ പോഷക കുറവ് ശക്തമാണ്. 171 പേരുടെ ടെസ്റ്റ് നടത്തിയപ്പോൾ 41 പേർക്ക് അരിവാൾ രോഗമുണ്ട്. പോഷകാഹാര കുറവ് പരിഹരിക്കുവാൻ അട്ടപ്പാടിയിലെ ആദിവാസികളുടെ കൈയിൽ ആഹാരമില്ല. നല്ല ആഹാരം ലഭിക്കണമെങ്കിൽ കൃഷി ചെയ്യണം. പകരം സർക്കാർ നൽകുന്നത് മസാലപ്പൊടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.