ശിശുമരണം: അട്ടപ്പാടിയിൽ സൂക്ഷ്മതല പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാൻ ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് സൂക്ഷ്മതല പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ അട്ടപ്പാടിയില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ള 187 ഗര്‍ഭിണികളുണ്ട്. അതിന് പുറമെ ഗര്‍ഭധാരണം പാടില്ലാത്ത സിക്കിള്‍സെല്‍ അനീമിയ രോഗം ബാധിച്ച 16 പേരും ഗര്ഭിണികളായിട്ടുണ്ട്. അവര്‍ക്ക് പ്രത്യേക പരിശോധനക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
വിവിധ രോഗാവസ്ഥയിലുള്ളവരുടെ കുട്ടികളാണ് അവിടെ മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അതിനാൽ ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ തയാറാക്കും. പഞ്ചായത്തുകളുടെയും പട്ടികവർഗ വകുപ്പിന്റെയും ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കും. അലോപ്പതിക്ക് പുറമെ ആയുര്‍വേദം പോലെ മറ്റ് ചികിത്സരീതികളും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക അടുക്കള ഉൾപ്പെടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും പോഷകാഹാരക്കുറവ് തുടരാനുള്ള കാരണം പരിശോധിക്കും. മദ്യനിരോധിത മേഖലയാണെങ്കിലും അനധികൃത മദ്യം വ്യാപകമാണ്. ഇത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സമരത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാറിന് പരിമതികളുണ്ടെങ്കിലും വിഷയത്തിൽ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്ന് ധനകാര്യമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. പി.എസ്. സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുടെ വേളി യൂനിറ്റ് തുറന്നുപ്രവർത്തിപ്പിക്കുന്നതിന് മാനേജ്മെന്റുമായി വീണ്ടും ചർച്ച നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി പി. രാജീവ് മറുപടി നൽകി. വേങ്ങര ഫയര്‍ റസ്ക്യൂ സര്‍വിസ് സ്റ്റേഷന് നിര്‍മാണത്തിന് അഗ്നിരക്ഷ വകുപ്പ് മുമ്പ് തീരുമാനിച്ച സ്ഥലത്തിന് പകരം പരപ്പനങ്ങാടി കൊളപ്പുറത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി. രാജീവ് മറുപടി നല്കി. ചെന്നൈ ഐ.ഐ.ടിയുടെ സാങ്കേതികോപദേശം ലഭിച്ചാൽ മാത്രമേ കണ്ണൂർ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ സാധിക്കൂവെന്ന് കെ.വി. സുമേഷിനെ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.