ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമീഷന്‍. സംസ്ഥാന വിവരാവകാശ കമീഷ്ണർ ഡോ. എ.എ. അബ്ദുൽ ഹക്കീം ആണ് ഉത്തരവിട്ടത്.
വിവരാവകാശ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവെക്കരുത്. ഖണ്ഡിക 96 ഒഴിവാക്കണം, പേജ് 81 മുതൽ 100 വരെ പുറത്തുവിടരുത്. സ്വകാര്യത ലംഘിക്കരുത്. ആളുകളെ തിരിച്ചറിയാൻ ഇടയാക്കരുത് -കമീഷൻ നിർദേശിച്ചു. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
2019 ഡിസംബർ 31നാണ് ഹേമ കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. എന്നാൽ, സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി.) അടക്കം രംഗത്തുവന്നിരുന്നു. ആവശ്യമുന്നയിച്ച് മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമീഷനെ സമീപിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാറിനില്ലെന്നാണ് മന്ത്രി പി. രാജീവ് നേരത്തെ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.