Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ അപേക്ഷകളിൽ...

വിവരാവകാശ അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടികൾ തുടങ്ങണമെന്ന് വിവരാവകാശ കമീഷണർ അബ്ദുൽ ഹക്കീം

text_fields
bookmark_border
വിവരാവകാശ അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടികൾ തുടങ്ങണമെന്ന് വിവരാവകാശ കമീഷണർ അബ്ദുൽ ഹക്കീം
cancel
camera_alt

സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം കോഴിക്കോട് തെളിവെടുപ്പ് നടത്തുന്നു.

കോഴിക്കോട് : എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം. ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയിൽ ഉള്ളതെങ്കിൽ അഞ്ചാം ദിവസം തന്നെ വിവരങ്ങളുള്ള ഓഫീസിലേക്ക് അപേക്ഷ അയക്കണം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമത്തിന് മുമ്പില്ലാത്ത വിധത്തിലുള്ള പ്രശസ്തിയും പ്രചാരവും ആണ് രാജ്യത്തും സംസ്ഥാനത്തും കൈവന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിലെ വിവരാവകാശ കമീഷനെ പ്രശംസിച്ച് ലേഖനം എഴുതുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യം നിലനിർത്തുന്നതിന് വിവരാവകാശ ഓഫീസർമാരുടെ ഭാഗത്തുനിന്ന് സജീവമായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥരുടെ സമയം അനാവശ്യമായി കവരുന്ന രീതിയിൽ വിവരാവകാശ അപേക്ഷകൾ നൽകുന്നത് ശരിയല്ല. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയമാണ് ഇതിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. പുതുതായി ഒരു ഫയൽ തുടങ്ങുമ്പോൾ വിവരാവകാശ അപേക്ഷക്കുള്ള സാധ്യതകൾ കൂടി മുന്നിൽകണ്ട് വേണം അവ ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ അപേക്ഷയുടെ ആദ്യ മറുപടിയിൽ തന്നെ രേഖകൾക്ക് അടയ്ക്കേണ്ട തുകയുടെ വിശദാംശങ്ങളും പേജുകളുടെ എണ്ണവും അപേക്ഷകനെ അറിയിക്കണം. ഫറോക്ക് മുൻസിപ്പാലിറ്റിയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെഴുത്തി ഒരാൾക്ക് 375,000 രൂപ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് കെ.ടി. അബ്ദുൽ മനാഫ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്ന നഗരസഭ സെക്രട്ടറി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവരിൽ നിന്ന് വിശദീകരണം തേടാൻ കമീഷൻ തീരുമാനിച്ചു.

രേഖകളുടെ ആവശ്യമായ പരിശോധനകൾ ഇല്ലാതെ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട പൊലീസ്, വിജിലൻസ് കേസുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷകന് നൽകാനും വിവരാവകാശ കമീഷണർ ഉത്തരവിട്ടു. ഇദ്ദേഹം തന്നെ നൽകിയ മറ്റൊരു വിവരാവകാശ അപേക്ഷയിൽ മറുപടി നൽകുന്നത് രണ്ടുമാസവും 12 ദിവസവും വൈകിപ്പിച്ചതിന് വിവരാവകാശ നിയമത്തിലെ 20(1)വകുപ്പ് പ്രകാരം പിഴ ഈടാക്കാനും തീരുമാനമായി.

ജില്ലയിലെ ലൈബ്രറികളുടെ ഗ്രേഡിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി കെ സുമേഷ് സമർപ്പിച്ച അപേക്ഷയിൽ 10 ദിവസത്തിനകം ഒന്നാം അപ്പീൽ അധികാരി മറുപടി നൽകണം. കോഴിക്കോട് ലോ കോളജിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലെ മാർക്ക് ഷീറ്റ്, മുഴുവൻ അപേക്ഷകരുടെയും വിവരങ്ങൾ, ഇൻറർവ്യൂ ബോർഡിൽ പങ്കെടുത്തവർ തയ്യാറാക്കിയ തരം തിരിച്ചുള്ള മാർക്ക് ലിസ്റ്റുകൾ ,സ്കോർഷീറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾഒരാഴ്ചക്കകം അപേക്ഷകയായ അഡ്വ. പി അനഘക്ക് നൽകണം.

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് അഞ്ച് രൂപ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് മൂന്ന് ദിവസത്തിനകം അപേക്ഷകനായ പി. മാണിക്ക് നൽകണം. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നേരത്തേ ജോലിചെയ്ത പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് വി.എം. ബഷീർ നൽകിയ വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്ന കേസിൽ താമരശ്ശേരി ഡി.വൈ.എസ്.പി ഒരാഴ്ചയ്ക്കകം മുഴുവൻ വിവരങ്ങളും നൽകണമെന്ന് വിവരാവകാശ കമീഷണർ നിർദ്ദേശിച്ചു.

ഭൂമിയിൽ നിന്ന് ആളുമാറി കരം പിരിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയിൽ കമീഷൻ മുമ്പാകെ തെളിവെടുപ്പിന് ഹാജരാകാതിരുന്ന എലത്തൂർ വില്ലേജ് ഓഫീസർക്ക് സമൻസ് അയക്കാനും 23ന് നേരിട്ട് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാവാനും നിർദ്ദേശിച്ചു. കരുണാകരൻ നായരുടെ വിവരാവകാശ അപേക്ഷയിലാണ് നടപടി.

ആർ.ഡി.ഒ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനിത കെ എം നൽകിയ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സബ് കലക്ടർക്ക് നിർദേശം നൽകി. കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ നിന്ന് 50 വർഷം മുമ്പുള്ള രേഖ ആവശ്യപ്പെട്ട് ബിലേഷ് കുമാർ പി കെ നൽകിയ അപേക്ഷയിൽ ഓഫീസിലെ റെക്കോർഡ് മുറിയിൽ എത്തി റെക്കോർഡ് പരിശോധന നടത്തുന്നതിന് അപേക്ഷകനെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും കമ്മിഷൻ നിർദേശിച്ചു. സിറ്റിങ്ങിൽ എട്ട് അപേക്ഷകളിൽ വിവരങ്ങൾ തൽക്ഷണം ബന്ധപ്പെട്ടവർ ലഭ്യമാക്കി. സിറ്റിങ്ങിൽ പരിഗണിച്ച 19 കേസുകളിൽ 18 എണ്ണം തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Information Commissioner Abdul Hakeem
News Summary - Information Commissioner Abdul Hakeem said that the process should be started within five days on RTI applications
Next Story