ആപ് വഴി വിവരം ചോർത്തൽ: യുവതിയുടെ അറസ്റ്റ് വൈകും
text_fieldsകൊച്ചി: മൊബൈൽ ആപ്പ് ഉപയോഗിച്ച് കാമുകെൻറ സഹായത്തോടെ ഭർത്താവിെൻറ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തിയ കേസിൽ ഭാര്യയുടെ അറസ്റ്റ് കൂടുതൽ അന്വേഷണത്തിനുശേഷമെന്ന് പൊലീസ്. സൈബർ ഫോറൻസിക് പരിശോധനകൾ നടന്നുവരുന്നുണ്ട്. അതിനുശേഷമായിരിക്കും ഭാര്യയുടെ അറസ്റ്റും തുടർ നടപടികളുമുണ്ടാകുക. സാക്ഷികൾ ഇല്ലാത്ത കേസാണെന്നതും ഇലക്ട്രോണിക് വസ്തുക്കളുടെ സഹായത്തോടെയാണെന്നതും സൈബർ പരിശോധനകളുടെ അനിവാര്യത വർധിപ്പിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എറണാകുളം എളമക്കര സ്വദേശിയുടെ രഹസ്യങ്ങളാണ് കാമുകെൻറ സഹായത്തോടെ ഭാര്യ ചോർത്തിയത്. അമ്പലപ്പുഴ സ്വദേശിയായ ഇവർ കേസിൽ രണ്ടാം പ്രതിയാണ്. കേസിൽ അറസ്റ്റിലായ ആലപ്പുഴ വണ്ടാനം പുതുവാൾ വീട്ടിൽ അജിത്തിനെ ജാമ്യത്തിൽ വിട്ടിരുന്നു. ഐ.ടി. ആക്ട് 66 പ്രകാരമാണ് കേസ്. അജിത്താണ് കാമുകിയുടെ ഭർത്താവിെൻറ മൊബൈൽ ഫോണിൽ രഹസ്യ ആപ്ലിക്കേഷൻ സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയത്. സഹായങ്ങളെല്ലാം യുവതി ചെയ്തുനൽകുകയായിരുന്നു. അജിത്തിെൻറ മൊഴിയിൽ യുവതിയുടെ പങ്ക് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, എന്തിനുവേണ്ടിയാണ് ആപ്പിലൂടെ ദൃശ്യങ്ങൾ പകർത്തിയതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. ബ്ലാക്ക്മെയിലിങ്ങിനുവേണ്ടിയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. മറ്റാരുടെയെങ്കിലും വിവരം ഇത്തരത്തിൽ പകർത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.