വിവരം നൽകിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് 5,000 രൂപ വീതം പിഴ
text_fieldsതിരുവനന്തപുരം : ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫീസിലുണ്ടെന്ന് മറുപടി നൽകിയിട്ടും പകർപ്പ് നല്കാത്തതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥർ 5,000 രൂപ വീതം പിഴ അടയ്ക്കാൻ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ്.
ഡോ.എം.എം.അബ്ദുൽ സലാമിന്റെ ഒന്നാം അപേക്ഷയിൽ മറുപടി നിഷേധിച്ച ശാന്താദേവി 5,000 രൂപ, അപ്പീൽ അപേക്ഷയിൽ വിവരം നല്കാതിരുന്ന കെ.ജാഫർ 5,000 രൂപ, വിവരം പക്കലുണ്ടെന്നും എന്നാൽ നല്കാൻ കഴിയില്ലെന്നും അറിയിച്ച എസ്.സോഫിയ 5,000 രൂപയും പിഴയൊടുക്കാനാണ് കമ്മീഷണറുടെ ഉത്തരവ്. ഇവർ 14 ദിവസത്തിനകം തുക വിവരാവകാശ കമ്മീഷനിൽ അടയ്ക്കണം.
അപേക്ഷകൻ 7,50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ.എഫ്. സിയോട് കമ്മീഷണർ നിർദേശിച്ചു. കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ.എം.എം.അബ്ദുൽ സലാമിന്റെ പരാതിയിലാണ് ആഗസ്റ്റ് 19 ന് കമ്മീഷണർ കോഴിക്കോടെത്തി ഇരുവിഭാഗത്തിന്റെയും വിശദീകരണം കേട്ടത്.
ഡോ. അബ്ദുൽസലാം കാവുംപുറം ബീച്ചിലുള്ള സീസൺ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് വാങ്ങിയിരുന്നു. ആ അപ്പാർട്ട്മെൻറ് ഉടമകളും ഫിനാൻഷ്യൽ കോർപ്പറേഷനും തമ്മിൽ ലോൺ ഇടപാടുണ്ടായിരുന്നു. വായ്പ അടവ് കുടിശിക ആയതിനെ തുടർന്ന് അപ്പാർട്ട്മെൻറ് പണിയുന്നതിനായി കോർപ്പറേഷനിൽ നിന്ന് വായ്പയായി എടുത്ത തുക ഈടാക്കുന്നതിനായി ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട യോഗമാണ് 2018 ഫെബ്രുവരി 26ന് നടന്നത്.
അതിൽ ബിൽഡറും ഫിനാൻഷ്യൽ കോർപ്പറേഷനും ഫ്ലാറ്റ് വാങ്ങിയ 13 പേരും പങ്കെടുത്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത ആൾ എന്ന നിലയിൽ അബ്ദുൽസലാം മിനിട്ടസിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ബ്രാഞ്ചിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരം നൽകാതിരുന്നപ്പോൾ അപ്പീൽ നൽകി. അതേ സമയം, ബ്രാഞ്ച് മാനേജർ യോഗ മിനിട്ട്സിന്റെ പകർപ്പ് മറ്റൊരാൾക്ക് നൽകുകയും ചെയ്തു. അതിന്റെ പകർപ്പ് അബ്ദുൽ സലാം കമീഷൻ നടത്തിയ സിറ്റിങ്ങിൽ ഹാജരാക്കി.
പൊതു അധികാരിയുടെയും അപ്പീൽ അധികാരിയുടെയും കൈവശം ഉണ്ടായിരുന്ന വിവരമാണ് അപേക്ഷകന് നിഷേധിച്ചത്. 10 ദിവസത്തിനകം മിനിട്ട്സിന്റെ പകർപ്പ് ഒന്നാം അപ്പീൽ അധികാരി ഹരജിക്കാരന് സൗജന്യമായി നൽകണമെന്നും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.