ഉന്നതർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ
text_fieldsകൊച്ചി: മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർക്കെതിരായ അഴിമതിയാരോപണങ്ങളും പരാതികളും അന്വേഷിക്കുന്ന വിജിലൻസിന്റെ ടി (ടോപ് സീക്രട്ട്) ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കിയെന്ന് സർക്കാർ ഹൈകോടതിയിൽ. ഇതോടെ ഉന്നതർക്കെതിരായ അഴിമതി കേസുകളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കും.
വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ 2016 ജനുവരി 27 ന് ഇറക്കിയ ഉത്തരവിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലായേഴ്സും ആം ആദ്മി പാർട്ടിയും 2016ൽ നൽകിയ ഹരജികളിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹരജികൾ തീർപ്പാക്കി.
മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉന്നത ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട അഴിമതിക്കേസുകൾ അന്വേഷിക്കാനുള്ള ചുമതല വിജിലൻസ് ടി ബ്രാഞ്ചിനാണ്. ഇവരെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയതോടെ അന്വേഷണ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. വിജിലൻസ് ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷണവിവരങ്ങൾ നൽകുന്നത് വിലക്കി വിജിലൻസ് ഡയറക്ടർ 2016 ഫെബ്രുവരി ഒമ്പതിന് മറ്റൊരു ഉത്തരവ് ഇറക്കിയിരുന്നു. ഈ രണ്ട് ഉത്തരവുമാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി 2022 ജനുവരി ഒമ്പതിന് പുതിയ ഉത്തരവിറക്കിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. പുതിയ ഉത്തരവിന്റെ പകർപ്പും ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.