ദൃഷാന മോളെ ഇടിച്ചിട്ട് കോമയിലാക്കി കടന്നുകളഞ്ഞ കാറിനെ കുറിച്ച് വിവരം ലഭിച്ചതായി സൂചന
text_fieldsകോഴിക്കോട്: ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനെക്കുറിച്ച് ഒമ്പതര മാസത്തിന് ശേഷം വിവരം ലഭിച്ചതായി സൂചന. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയെ ഇടിച്ചിട്ട കാറിനെ കുറിച്ചാണ് പൊലീസിന് വിവരം ലഭിച്ചത്. ഈ വർഷം ഫെബ്രുവരി 17-ന് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ട് കാർ കടന്നുപോവുകയായിരുന്നു. അപകടത്തിൽ അമ്മൂമ്മ മരണപ്പെട്ടു. വെള്ളനിറത്തിലുള്ള കാറാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്.
ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്. വിഷയത്തിൽ ഹൈകോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിരുന്നു. കാർ കണ്ടെത്തിയാൽ അപകട ഇൻഷുറൻസ് തുകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിന്റെപേരിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.