വാക്സിൻ രജിസ്ട്രേഷനിൽ വിവരസുരക്ഷ ഉറപ്പാക്കണം
text_fieldsകൊച്ചി: വാക്സിൻ രജിസ്ട്രേഷൻ ഓൺലൈനാക്കുന്നതിന്‍റെ മറവിൽ നടക്കുന്നത് പൂർണ്ണസമ്മതം വാങ്ങാതെയുള്ള ആരോഗ്യ ഐ.ഡി നിർമാണവും അതിന്‍റെ ആധാർ ബന്ധിപ്പിക്കലുമാണെന്ന് പബ്ലിക് ഇന്‍ററസ്റ്റ് ടെക്നോളജിസ്റ്റ് അനിവർ അരവിന്ദ്. വാക്സിനേഷനു ഡിജിറ്റൽ ഹെൽത്ത് ഐഡി വേണ്ട കാര്യമില്ല.എന്നാൽ വാക്സിനേഷനു ആധാർ നൽകിയാൽ നിങ്ങളുടെ പേരിൽ ആധാറുമായി ബന്ധിപ്പിച്ച ഹെൽത്ത് ഐഡി കൂടി ഉണ്ടാക്കിയതിനുശേഷം വാക്സിൻ നൽകുന്നവിധമാണ് കോവിൻ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്.ആധാർ വിവരങ്ങൾ യുണീക് ഹെൽത്ത് ഐഡന്‍റിഫിക്കേഷൻ (UHID) ഉണ്ടാക്കുന്നതിനായി കേന്ദ്രസർക്കാറിനും ദേശീയ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിനും ഉപയോഗിക്കാൻ അനുമതി നൽകാനുള്ള സമ്മതപത്രമാണ് ആധാർ നൽകുന്നതിലുടെ നമ്മൾ നൽകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ സൂചിപ്പിക്കുന്നു.
വാക്സിനു പാസ്പോർട്ട്, പാൻ, വോട്ടർ ഐഡി. തുടങ്ങിയ തിരിച്ചറിയിൽ രേഖകളുടെ ഏതെങ്കിലും ഒന്നിന്‍റെ നമ്പറുകൾ നൽകാനാവും. ഡിജിറ്റൽ ഹെൽത്ത് ഐ.ഡി നിർമിക്കാൻ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ല. വാക്സിനേഷനും ഹെൽത്ത് ഐ.ഡി നിർബന്ധമല്ല. അതിനാൽ രജിസ്ട്രേഷൻ സമയത്ത് വിവരങ്ങൾ നൽകുമ്പോൾ അനാവശ്യ വിവരങ്ങൾ നൽകേണ്ടതില്ലെന്നും പറയുന്നു.
നിർബന്ധിത ആധാർ ലിങ്കിങ് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ഡിജിലോക്കറിൽ വാക്സിൻ സർട്ടിഫിക്കറ്റ് ചേർക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഡിജിലോക്കറിലേക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ചേർക്കുമ്പോൾ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റുമായി ആധാർ ബന്ധിപ്പിക്കൽ പിന്നണിയിൽ നടക്കുന്ന രീതിയിൽ ഡിജിലോക്കർ ഈയിടെ അപ്ഡേറ്റ് ചെയ്തിരുന്നു.
വാക്സിൻ അവകാശമാണ്. എന്നാൽ അതിന്‍റെ മറവിൽ ജനങ്ങളുടെ പൂർണ്ണ അറിവോ സമ്മതമോ വാങ്ങാതെ ഡിജിറ്റൽ ഹെൽത്ത് ഐ.ഡി നിർമ്മിക്കാനും അതിനെ ആധാറുമായി ബന്ധിപ്പിക്കാനുമുള്ള വക്രബുദ്ധിയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരാൾക്ക് ഹെൽത്ത് ഐഡി വേണ്ടപ്പോൾ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ പോർട്ടലിൽ പോയി താൽപര്യമുള്ള മറ്റ് ഡോക്യുമെന്‍റുകൾ പ്രൂഫായി നൽകി തയാറാക്കാവുന്നതാണ്.
കുറഞ്ഞ വിവരങ്ങൾ നൽകി എങ്ങനെ വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന് അനിവർ വിശദീകരിക്കുന്നു
1. രജിസ്ട്രേഷൻ കോവിൻ വെബ്‌സൈറ്റ് വഴി ചെയ്യുക. വാക്സിനെടുക്കാനായി അനാവശ്യമായി ലൊക്കേഷൻ, ബ്ലൂടൂത്ത് ഡാറ്റാകളക്ഷൻ എന്നിവ നടത്തുന്ന ആരോഗ്യസേതു എന്ന ആപ്പ് ഉപയോഗിക്കേണ്ട കാര്യമില്ല.
2. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോൺ നമ്പർ ഉപയോഗിക്കുക (അല്ലെങ്കിൽ ഡിജിലോക്കർ വഴി ആ ഫോൺ നമ്പർ ഉടമയുടെ ആധാർ നൽകുന്ന രീതിയിൽ ഡിജിലോക്കർ െഎ.പി.ഐകൾ ഡിസംബറിൽ പുതുക്കിയിട്ടുണ്ട്)
3. വോട്ടർ ഐ.ഡി, പാസ്പോർട്ട് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കാത്ത എന്തെങ്കിലും ഐ.ഡി പ്രൂഫായി നൽകുക. (സെന്‍ററിൽ ചെല്ലുമ്പോൾ ആധാർ നൽകിയവരുടെ കയ്യിൽനിന്ന് സ്വീകരിക്കുന്നത് ആധാർ ഓതന്‍റിക്കേഷനും അതുപയോഗിച്ച് ഹെൽത്ത് ഐ.ഡി ജനറേറ്റ് ചെയ്യാനുള്ള കൺസെൻറും ആണ്. ഇതൊന്നും വാക്സിൻ എടുക്കാൻ വരുന്നയാളുടെ അറിവോടെയുള്ള സമ്മതമില്ലാതെ ആണ് നടക്കുന്നത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.