പശ്ചാത്തല വികസനത്തിന് ഒരുകോടി; 42 സർക്കാർ സ്കൂളുകളുടെ പദ്ധതിക്ക് അംഗീകാരം
text_fieldsതൃശൂർ: സംസ്ഥാനത്തെ 446 സർക്കാർ സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് ഒരുകോടി രൂപ വീതം വരെ സാമ്പത്തികസഹായം ലഭ്യമാക്കുന്ന പദ്ധതിയിൽ 42 സ്കൂളുകളുടെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം. വൈകാതെ മറ്റ് സ്കൂളുകളുടെ പദ്ധതികൾക്കും അഗീകാരമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. 500 മുതൽ 1000 വരെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് പരമാവധി ഒരുകോടി രൂപ വകയിരുത്താനാണ് നിർദേശം.
ഇതിെൻറ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 446 സ്കൂളുകളിൽനിന്ന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) ക്ഷണിച്ചിരുന്നു. ഇതിൽനിന്ന് ആദ്യഘട്ടമെന്ന നിലയിൽ 42 സ്കൂളുകളുടെ നവീകരണ രേഖക്കാണ് സർക്കാർ പച്ചക്കൊടി കാട്ടിയത്. 400 കോടിയോളം രൂപ പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് മാറ്റിവെക്കാനുദ്ദേശിച്ചുള്ളതാണ് ഈ കിഫ്ബി പദ്ധതി.
2018-19ലെ ബജറ്റ് പ്രസംഗത്തിെൻറ അടിസ്ഥാനത്തിൽ രൂപവത്കരിച്ച പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള സ്പെഷൽ പർപസ് വെഹ്ക്ക്ളായി (എസ്.പി.വി) കൈറ്റിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. തുടർന്ന് 2019 ജൂലൈ 24നാണ് കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഏൽപിക്കാൻ തീരുമാനിച്ചത്.
ജില്ലകളിലെ നിർമാണപ്രവൃത്തികളുടെ ചുമതല തദ്ദേശഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിലെ എക്സിക്യൂട്ടിവ് എൻജിനീയർക്കാണ്. പഴയ കെട്ടിടമാണെങ്കിൽ അത് പൊളിച്ചുപണിയുന്നത് വിശദപരിശോധനക്ക് ശേഷം തീരുമാനിക്കാം. ഒരുകോടി രൂപ അനുവദിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ചുമുതൽ എട്ടുവരെ ക്ലാസ്റൂമുകൾ സാധ്യമാകണം. സുരക്ഷ, ടോയ്ലറ്റ് എന്നിവക്ക് പ്രത്യേക പരിഗണന വേണമെന്നും പദ്ധതി രേഖ വ്യക്തമാക്കുന്നു. പദ്ധതി പ്രവർത്തനങ്ങൾ യഥാസമയം വിലയിരുത്താൻ കില, തദ്ദേശഭരണ വകുപ്പ്, എൻജിനീയറിങ് വിഭാഗം എന്നിവയുൾപ്പെടുന്നവരുടെ സംയുക്ത യോഗങ്ങൾ സംഘടിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.