നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍തന്നെ
text_fieldsകൊച്ചി: നോട്ട് അസാധുവാക്കിയതിന്‍െറ അമ്പതാം ദിനത്തിലും നിര്‍മാണ മേഖല സ്തംഭനത്തില്‍തന്നെ. സംഘടിത മേഖലയില്‍മാത്രമാണ് അല്‍പമെങ്കിലും ചലനമുള്ളത്. നോട്ട് അസാധുവാക്കലിന്‍െറ ആദ്യ ദിനങ്ങളില്‍ സംഘടിത നിര്‍മാണ മേഖലയും നിശ്ചലമായിരുന്നുവെന്ന് നിര്‍മാണ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ‘ക്രെഡായ് ’ ജനറല്‍ സെക്രട്ടറി നജീബ് സക്കറിയ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ സംഘടിത മേഖലയില്‍ അല്‍പമെങ്കിലും ചലനം തുടങ്ങിയിട്ടുണ്ട്. വ്യക്തിഗത നിര്‍മാണങ്ങള്‍ നിശ്ചലമാണ്.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഫ്ളാറ്റുകളുടെയും വില്ലകളുടെയും നിര്‍മാണം നിലച്ചിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പിന്നീട്, കാര്യങ്ങള്‍ ക്രമപ്പെടുത്തിയെടുക്കാന്‍ ആഴ്ചകളെടുത്തു. സിമന്‍റ്, കമ്പി, ഇഷ്ടിക തുടങ്ങിയവ വിതരണം ചെയ്യുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴി പണം നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അപ്പോഴും പക്ഷേ, തൊഴിലാളികള്‍ക്ക് ചെക്കുവഴി കൂലി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിര്‍മാണ രംഗത്ത് ഇതായിരുന്നു അവസ്ഥയെങ്കില്‍, ആവശ്യക്കാര്‍ എത്താത്തതാണ് പാര്‍പ്പിട യൂനിറ്റുകളുടെ വില്‍പന രംഗത്ത് പ്രശ്നമായത്. ഫ്ളാറ്റുകള്‍ക്കും വില്ലകള്‍ക്കുമുള്ള ആവശ്യക്കാരുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. ഇപ്പോള്‍, ഭവന വായ്പയുടെ പലിശ നിരക്ക് കുറയുമോയെന്ന് കാത്തിരിക്കുകയാണ് സാധാരണക്കാര്‍. ബാങ്കുകള്‍ ഭവനവായ്പാ പലിശനിരക്ക് കുറക്കുകയാണെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കാമെന്നാണ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.