മുനമ്പം നിവാസികൾ ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടാകരുത് -സാദിഖലി തങ്ങള്‍
text_fieldsതിരുവനന്തപുരം: പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാറാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോഓപറേഷന്‍ തിരുവനന്തപുരം ചാപ്റ്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം നിവാസികള്‍ ഒരു സുപ്രഭാതത്തില്‍ വീടുവിട്ട് ഇറങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടായിക്കൂടാ. വിഷയത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയും ഉണ്ടാകരുത്. മുനമ്പത്തെ സ്നേഹാന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുത്. അതിനാണ് ബിഷപ്പുമാരെ നേരില്‍കണ്ട് ചര്‍ച്ച നടത്തിയത്. പരസ്പരം പഴിചാരുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കൂടിയാലോചനയിലൂടെയാണ് നടപടികളുണ്ടാകേണ്ടത്. നിയമപരമായി കാര്യങ്ങള്‍ ചെയ്യേണ്ട കടമ സര്‍ക്കാറിനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് ജീവിച്ച് വളരേണ്ടതിന് പകരം ഒറ്റക്ക് വളരാന്‍ ശ്രമിക്കുന്നതാണ് സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചെയര്‍മാന്‍ ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി അധ്യക്ഷനായി. മുഖ്യരക്ഷാധികാരി ഡോ. പുനലൂര്‍ സോമരാജന്‍, ശിവഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി വീരേശ്വരാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര, സി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്‍, ട്രഷറര്‍ ഫാ. ആന്റണി വടക്കേക്കര, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി, ആബിദ് ഹുസൈന്‍ തങ്ങള്‍, ബിഷപ് റോമിസൺ, എം.എസ്. ഫൈസല്‍ ഖാന്‍, ഹുസൈന്‍ മടവൂര്‍, മുഹമ്മദ് ഷാ, സി.എച്ച്. അബ്ദുല്‍റഹീം, ഡോ. പി. നസീര്‍, ഫാ. തോമസ് കയ്യാലക്കല്‍, ഡോ. കായംകുളം യൂനസ്, എം. അബ്ദുൽ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.