കല്ലെറിഞ്ഞ് പരിക്കേൽപിക്കൽ മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനം -ഹൈകോടതി
text_fieldsകൊച്ചി: കല്ലെറിഞ്ഞ് പരിക്കേൽപിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനമെന്ന് ഹൈകോടതി. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കല്ലെറിഞ്ഞ് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാം. കല്ലിന്റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച് ആയുധംകൊണ്ടുള്ള ആക്രമണത്തിന് സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയുടെ തലക്ക് കല്ലെറിഞ്ഞ് പരിക്കേൽപിച്ച കൊടകര സ്വദേശിയുടെ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗുരുതര വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമം, ഭാരതീയ ന്യായസംഹിത എന്നിവ പ്രകാരം മാരകായുധമോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് മരണ കാരണമാകാവുന്ന പരിക്കേൽപിക്കലിന്‍റെ പരിധിയിൽ വരുന്നതിനാൽ കേസ് നിലനിൽക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് ഹരജി തള്ളുകയായിരുന്നു. അതേസമയം, തെളിവുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വിചാരണ കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.