അതിജീവിതയോട് അനീതി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് പൊലീസിൽനിന്നും മറ്റ് അധികാര കേന്ദ്രങ്ങളിൽനിന്നും നിരന്തരം മനുഷ്യാവകാശലംഘനം നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മനുഷ്യവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് കേസ്. ഇക്കാര്യം ഉന്നയിച്ച് നൽകിയ പരാതി ദേശീയ മനുഷ്യാവകാശ കമീഷൻ ഫയലിൽ സ്വീകരിച്ചതായും സമരസമിതി അറിയിച്ചു.
ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഓഫിസിന് മുന്നിൽ സമരം നടത്തുന്ന അതിജീവിതയെ കാണാൻ കമീഷണർ രാജ്പാൽ മീണ തയാറാവാത്തതും തനിച്ച് വന്നാൽ മാത്രമേ കാണുകയുള്ളൂ എന്ന ഉപാധിവെക്കുകയും ചെയ്തതിനെതുടർന്നാണ് സമരസമിതി മനുഷ്യാവകാശ കമീഷനുകളെ സമീപിച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തേടി വിവരാവകാശം നൽകിയിട്ടും പൊലീസ് ലഭ്യമാക്കിയിരുന്നില്ല. വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സമരമിരിക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാനർ അഴിച്ചുമാറ്റാൻ നേരത്തേ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പീഡനത്തിനിരയായ തന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് നൽകിയ കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിജീവിതയുടെ സമരം. ഇക്കാര്യത്തിൽ ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
അതേസമയം, മൂന്നാം ദിവസം സമരത്തിന് പിന്തുണയുമായി കൂടുതൽ പേർ എത്തി. അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന നേതാക്കളായ എ. സജീന, കെ.എം. ബീവി, ഷീല തോമസ്, വിൻസെന്റ് തടമ്പാട്ടുതാഴം, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി നിയാസ് കാരപറമ്പ്, ദിയ അഷ്റഫ്, സജീഷ് പാറന്നൂർ തുടങ്ങിയവർ ശനിയാഴ്ച അതിജീവിതക്ക് പിന്തുണയുമായി എത്തി. സമരസമിതി ഭാരവാഹികളായ നൗഷാദ് തെക്കയിൽ, എം.എ. ഷഹനാസ് എന്നിവർ സമരത്തിൽ പങ്കെടുത്തു. സമരം തിങ്കളാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.