റിയാസ് മൗലവി വധം: വിധി നിരാശാജനകം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കാസർകോഡ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
പഴുതടച്ച അന്വേഷണത്തിലൂടെ പരമാവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഒരു സാക്ഷി പോലും കൂറ് മാറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2009 മുതൽ 2017 കാലയളവിനുള്ളിൽ പത്തോളം പേർ ജില്ലയിൽ വർഗീയമായി കൊല്ലപ്പെട്ടിരുന്നു. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ ജയിലിലടച്ചതിന് ശേഷം ഇതുവരെ കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. സംഘർഷങ്ങളും കലാപങ്ങളും ഒഴിവാക്കാൻ വേണ്ടി മറുപക്ഷത്തുള്ളവർ ശ്രമിച്ചതിന്‍റെ ഫലമാണ് മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത്.
ഇത്തരം ഒരു സാഹചര്യത്തിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാകുമായിരുന്നില്ല, അതാണിപ്പോൾ നിരാശയിലേക്ക് വഴിമാറിയിരിക്കുന്നത്. അതുകൊണ്ട് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടുപിടിച്ച് സർക്കാർ ഉടൻ അപ്പീൽ പോകേണ്ടതുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ നീതി പുലരുകയില്ലെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.