ഐ.എൻ.എൽ: പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് 31നകമെന്ന് അഡ്ഹോക് കമ്മിറ്റി
text_fieldsകോഴിക്കോട്: ഐ.എൻ.എലിന്റെ പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് 31നകം നിലവിൽവരുമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ ആദ്യയോഗത്തിനുശേഷം ചെയർമാൻ മന്ത്രി അഹമ്മദ് ദേവർകോവിലും കൺവീനർ ബി. ഹംസഹാജിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ നേതൃത്വം നിർദേശിച്ചപ്രകാരം ഫെബ്രുവരി 28ന് മുമ്പായി മെംബർഷിപ് വിതരണം പൂർത്തീകരിക്കും.
മാർച്ച് ഏഴിന് മുമ്പ് പഞ്ചായത്ത്, കോർപറേഷൻതല കമ്മിറ്റിയും 15നകം നിയോജകമണ്ഡലം കമ്മിറ്റിയും 20ന് മുമ്പായി ജില്ല കമ്മിറ്റികളും നിലവിൽ വരും. ഗുരുതര അച്ചടക്കലംഘനത്തിന്റെ പേരിൽ പുറത്താക്കിയവരെ സംബന്ധിച്ച കാര്യങ്ങൾ അഡ്ഹോക് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന മുൻ പ്രസിഡന്റ് പ്രഫ. അബ്ദുൽ വഹാബിന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോൾ അഡ്ഹോക് കമ്മിറ്റി അംഗമായ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുകയോ അവധി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ തുടരാനാവില്ലെന്നുമായിരുന്നു മറുപടി.
അദ്ദേഹത്തിന്റെ അച്ചടക്കലംഘനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വഹാബിന് തെറ്റുതിരുത്തി പാർട്ടിക്കൊപ്പം നിൽക്കാൻ ഇനിയും അവസരമുണ്ട്. പാർട്ടി നിശ്ചയിക്കാത്ത പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയിൽ പോകാൻ വഹാബിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫിലേക്ക് മുൻ പ്രസിഡന്റ് നൽകിയ പട്ടികയിൽ നിന്നുള്ളവരെ നിയോഗിക്കാഞ്ഞത് മതിയായ യോഗ്യതയില്ലാത്തതിനാലാണ്. കൂടുതൽപേരെയും ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്.
പാർട്ടിക്കനുവദിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ ഉടൻ നിയമനം നടക്കും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാർത്തസമ്മേളനത്തിൽ കാസിം ഇരിക്കൂർ, എം.എം. മാഹിൻ, കെ.എസ്. ഫക്രുദ്ദീൻ, ഡോ. എ. അമീൻ എന്നിവരും പങ്കെടുത്തു.
സംസ്ഥാനകമ്മിറ്റിയെ വ്യാഴാഴ്ച തീരുമാനിക്കും -വഹാബ്
കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന കൗൺസിൽ വ്യാഴാഴ്ച കോഴിക്കോട് ചേരുമെന്ന് പ്രഫ. എ.പി. അബ്ദുൽ വഹാബ്. പുതിയ സംസ്ഥാനകമ്മിറ്റിയും ഭാവിപരിപാടികളും അതിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫിലെ ഘടകമായി ഐ.എൻ.എൽ മുന്നോട്ടുപോവും. കാന്തപുരത്തിന്റെ മാധ്യസ്ഥ ചർച്ച ഇനിയുണ്ടാവുമോ എന്നറിയില്ല. പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണ് സംസ്ഥാനകമ്മിറ്റിയെ പിരിച്ചുവിട്ട നടപടി. ഭരണഘടനാപരമായ ദൗത്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനകമ്മിറ്റിയെ പിരിച്ചുവിടുന്നു എന്നാണ് ദേശീയസമിതി പറഞ്ഞത്.
എന്നാൽ, അതേ സംസ്ഥാന കമ്മിറ്റിയിൽ കൂട്ടുത്തരവാദിത്തമുള്ളവരെ ഉൾപ്പെടുത്തിയാണ് അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കിയത്. ഇതംഗീകരിക്കാനാവില്ല. ബാഹ്യശക്തികളാണ് ഐ.എൻ.എല്ലിലെ പ്രശ്നത്തിനു പിന്നിൽ എന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവന പക്വതക്കുറവാണെന്നും വഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.