Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവറിനെ തള്ളി ഐ.എൻ.എൽ:...

അൻവറിനെ തള്ളി ഐ.എൻ.എൽ: ‘എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിൽ കലാശിക്കും’

text_fields
bookmark_border
അൻവറിനെ തള്ളി ഐ.എൻ.എൽ: ‘എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിൽ കലാശിക്കും’
cancel

കോഴിക്കോട്: ജനാധിപത്യത്തിന്റെയും സാമാന്യ മര്യാദയുടേയും സകല സീമകളും ലംഘിച്ചാണ് പി.വി. അൻവർ എം.എൽ.എ ഇടതു നേതൃത്വത്തെ കടന്നാക്രമിച്ചതെന്ന് ഐ.എൻ.എൽ. പ്രതിപക്ഷത്തിന്റ കോടാലി പിടിയായി സ്വയം തരം താഴുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 2021ലെ ഭരണ തുടർച്ച മുതൽ അങ്ങേയറ്റത്തെ കുത്സിത അജണ്ടകളുമായി മുഖ്യമന്ത്രിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് വലതുപക്ഷ പാർട്ടികളും ഇടതു വിരുദ്ധ മീഡിയയും നടത്തി പോന്ന ആരോപണങ്ങൾ പുതിയ ലാബലിൽ ശത്രുസംഹാരത്തിനു വേണ്ടി പ്രയോഗിക്കാനാണ് അൻവർ ആവേശം കാട്ടിയത്. അതിന് വേണ്ടി ഉപയോഗിച്ച ഭാഷയാകട്ടെ ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെതുമായിപ്പോയി. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ആ ശൈലി എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിലാവും കലാശിക്കുകയെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയത അതിന്റെ ബീഭത്സ മുഖങ്ങൾ തുറന്നു കാട്ടുന്ന ഈ സന്ദിഗ്ധ ഘട്ടത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനുള്ള നീക്കം ഏത് ഭാഗത്തു നിന്നായാലും അതിനെ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. കഴിഞ്ഞ മൂന്നര വർഷമായി പ്രതിപക്ഷം ഒരു വിഭാഗം ഇടതു വിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിവന്ന കുപ്രചാരണങ്ങളെ പുതിയ ശൈലിയിൽ അവതരിപ്പിച്ച് കേരളത്തിന്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റാൻ പി.വി. അൻവർ എം.എൽ.എക്ക് കഴിഞ്ഞത് അദ്ദേഹം എൽ.ഡി.എഫിന്റെ ഭാഗമായതുകൊണ്ടാണ്. അദ്ദേഹം ഉയർത്തിയ ചില വിഷയങ്ങൾ സർക്കാർ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നാണ് പൊതുസമൂഹം മനസ്സിലാക്കുന്നത്. എന്നാൽ, അൻവറിന്റെ ആത്യന്തിക ലക്ഷ്യം മുന്നണിയുടേയൊ സർക്കാറിന്റെയോ നയപരമായ വ്യതിയാനം തിരുത്തുകയല്ല, മറിച്ച് ഇടതു മുന്നണിയുടേയും സർക്കാറിന്റെയും തകർച്ചയാണെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തോടെ സമർത്ഥിക്കപ്പെട്ടു.

അതേസമയം, ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന രാം മാധവുമായും എ.ഡി.ജി.പി അജിത് കുമാർ പലവട്ടം ചർച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ചുള്ള അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി പൊലീസ് മേധാവിക്കെതിരെ നടപടി സ്വീകരിച്ച് മത നിരപേക്ഷ വിശ്വസികളുടെ ആശങ്ക ദുരീകരിക്കേണ്ടതുണ്ട്. തൃശൂർ പൂരം കലക്കുന്നതിന് നേതൃത്വം കൊടുത്തതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരേയും ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് സംഘപരിവാർ രാഷ്ട്രീയത്തിന്ന് എതിരായ ഇടത് സർക്കാറിന്റെ പ്രതിജ്ഞാബദ്ധമായ നിലപാട് ജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വൃത്തികെട്ട കളികളും തുറന്നു കാട്ടപ്പെടേണ്ടതാണ്. കൃത്യമായ ആശയാടിത്തറ ഇല്ലാത്ത വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ പരിമിതികളും അപായ സാധ്യതകളും മനസ്സിലാക്കി വേണം മേലിലെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നയം സ്വീകരിക്കേണ്ടതെന്ന പാഠമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കൈമാറുന്നതെന്ന് ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLCPMPV Anvar
News Summary - INL against PV anvar mla
Next Story