ഐ.എൻ.എൽ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsകോഴിക്കോട്: ഐ.എൻ.എല്ലിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരുടെയും അംഗത്വം തടഞ്ഞിട്ടില്ലെന്നും അപേക്ഷിക്കുന്നവർക്ക് അംഗത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. പാർട്ടിയിൽ നിന്ന് പുറത്തുപോയവർക്ക് എന്തും വിളിച്ചുപറയാം. പാർട്ടിക്ക് അകത്തുള്ളവരോട് മറുപടി പറയേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ. പുറത്തുപോയ ആർക്കെങ്കിലും അംഗത്വം ആവശ്യമുണ്ടെങ്കിൽ അപേക്ഷ നൽകിയാൽ പരിശോധിക്കും. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്താത്തവർക്ക് അംഗത്വം നൽകും -മന്ത്രി വ്യക്തമാക്കി.
ഐ.എൻ.എൽ ദേശീയ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്ത എ.പി. അബ്ദുൽ വഹാബിനും സെക്രട്ടറി നാസർകോയ തങ്ങൾക്കുമെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമപരമായ നടപടികൾ പൂർത്തീകരിച്ചശേഷം ഇരുവരെയും പുറത്താക്കാനാണ് നീക്കം.
നിയമവിരുദ്ധമായി വിളിച്ചുകൂട്ടിയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടിയുണ്ടാകും. ദേശീയ കമ്മിറ്റിയുടെ തീരുമാനം തള്ളി വഹാബ് പക്ഷം വ്യാഴാഴ്ച കോഴിക്കോട്ട് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ദേശീയ കമ്മിറ്റിയെ രൂക്ഷമായി വിമർശിച്ച അബ്ദുൽ വഹാബ് സംസ്ഥാന നേതാക്കൾ തന്നെയാണ് ദേശീയ കമ്മിറ്റിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ദേശീയ നേതൃത്വം പിരിച്ചുവിട്ട പ്രവർത്തക സമിതിയുടെ പ്രസിഡന്റ് എന്ന നിലയിൽ വഹാബിന് കൗൺസിൽ വിളിച്ചുചേർക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതിന് വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ വഹാബിനെയും നാസർകോയ തങ്ങളെയും പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് തീരുമാനം. വഹാബ് വിഭാഗം പാർട്ടിയുടെ പേരും കൊടിയും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.