ഐ.എൻ.എൽ: അനുരഞ്ജന നീക്കത്തിൽ പുരോഗതി, ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിൽ മധ്യസ്ഥർ
text_fieldsകോഴിക്കോട്: കൈയാങ്കളിയിൽ എത്തിയ കലഹത്തിനുശേഷം ഐ.എൻ.എല്ലിൽ അനുരഞ്ജന നീക്കത്തിൽ പുരോഗതി. പാർട്ടി അഖിലേന്ത്യ അധ്യക്ഷെൻറ സാന്നിധ്യത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥർ.
നേരേത്ത വഹാബ്, കാസിം വിഭാഗങ്ങളുമായി രണ്ടുവട്ടം ചർച്ച നടത്തിയശേഷം കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാനുമായി കഴിഞ്ഞദിവസം രണ്ടു മണിക്കൂറോളം ചർച്ച നടത്തി. തങ്ങളുടെ നിലപാട് അസ്ഹരിക്കു മുന്നിൽ വെച്ച മുഹമ്മദ് സുലൈമാൻ ചില ഉപാധികളോടെ പുറത്തുപോയ എ.പി. അബ്ദുൽ വഹാബ് അടക്കമുള്ളവർക്ക് തിരിച്ചുവരുന്നതിൽ മറ്റു പ്രതിബന്ധങ്ങളില്ലെന്ന് അറിയിച്ചതായാണ് സൂചന.
തങ്ങളുടെ നിലപാട് നേരേത്ത വഹാബ് പക്ഷം മധ്യസ്ഥർക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നിലപാട് അറിയാൻകൂടിയാണ് ദേശീയ നേതൃത്വവുമായി അബ്ദുൽ ഹകീം അസ്ഹരി ചർച്ച നടത്തിയത്. സി.പി.എമ്മിെൻറയും മുന്നണിയുടെയും ശക്തമായ മുന്നറിയിപ്പുകളാണ് ഇരുവിഭാഗത്തെയും അനുരഞ്ജനത്തിെൻറ പാതയിലെത്തിച്ചത്. മുന്നണിയുടെ ഭാഗമായിട്ടും മന്ത്രിസഭയിൽ അംഗത്വം ലഭിച്ചിട്ടും ഹജ്ജ് കമ്മിറ്റിയിൽനിന്നുപോലും പുറത്തിരിക്കേണ്ടിവന്നത് പാർട്ടിക്ക് വൻ ക്ഷീണമാണുണ്ടാക്കിയത്.
പ്രശ്നം ഇനിയും സങ്കീർണമാക്കാതെ പരിഹാരത്തിലെത്തിക്കുകയാണ് അഖിലേന്ത്യ അധ്യക്ഷെൻറ സന്ദർശന ലക്ഷ്യവും. അഖിലേന്ത്യ നേതൃത്വത്തെ എ.പി. അബ്ദുൽ വഹാബ് അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയമായി മുന്നോട്ടുവെച്ചതെന്ന് അറിയുന്നു. രണ്ടു വിഭാഗവുമായും അഖിലേന്ത്യ നേതൃത്വവുമായും ചർച്ച നടത്തിയതോടെ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തുകയാണ് ഹകീം അസ്ഹരിയുടെ അടുത്ത ദൗത്യം. ഈ ചർച്ചയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരും പങ്കെടുത്തേക്കും.
പരിഹാരനീക്കത്തിൽ പ്രതീക്ഷ –മുഹമ്മദ് സുലൈമാൻ
പാർട്ടി പിളർന്നിട്ടില്ലെന്നും അഖിലേന്ത്യ കമ്മിറ്റിയെ അംഗീകരിക്കാതെ ചിലർ പുറത്തുപോയതാണ് പ്രശ്നമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റി ഏകപക്ഷീയമായി നിലപാടെടുക്കുന്നു എന്ന ആരോപണം തെറ്റാണ്. അച്ചടക്കവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരായ നടപടി കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്.
ഇടതുമുന്നണിയുടെയും ഐ.എൻ.എല്ലിെൻറയും അഭ്യുദയകാംക്ഷിയായ കാന്തപുരം അബൂബക്കർ മുസ്ലിയാർ മുൻകൈയെടുത്ത് നടത്തുന്ന അനുരഞ്ജന നീക്കത്തിൽ പ്രതീക്ഷയുണ്ട്. മന്ത്രിസ്ഥാനം ലഭിക്കുക എന്നത് റിക്രൂട്ട്മെൻറ് ഏജൻസി പണിയാണെന്ന നിലപാട് പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ചരിത്രത്തിലില്ലാത്തവിധം അഴിമതിയുടെ പടുകുഴിയിൽ വീണിരിക്കുകയാണെന്ന് മുഹമ്മദ് സുലൈമാൻ ആരോപിച്ചു. ഹജ്ജ് കമ്മിറ്റിയിൽ അംഗത്വം ലഭിക്കാതിരുന്നത് എൽ.ഡി.എഫ് നിലപാടിെൻറ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് അഖിലേന്ത്യ ജന. സെക്രട്ടറി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എല്ലാ കമ്മിറ്റിയിലും അംഗത്വം വേണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് ബി. ഹംസ ഹാജി, ജന. സെക്രട്ടറി കാസിം ഇരിക്കൂർ,സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.മാഹീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.