ഗവർണറുടെ പെരുമാറ്റം പ്രബുദ്ധകേരളത്തെ ലജ്ജിപ്പിക്കുന്നത് -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: താൻ ഇരിക്കുന്ന പദവിയുടെ അന്തസ് മറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അഭിപ്രായപ്രകടനങ്ങളും ആക്രോശങ്ങളും അദ്ദേഹത്തെ സ്വയം പരിഹാസ്യനാക്കുന്നുണ്ടെന്നും നിലവാരം കുറഞ്ഞ ഭാഷയും ശൈലിയും പ്രബുദ്ധകേരളത്തെ ലജ്ജിപ്പിക്കുകയാണെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. തനിക്കെതിരെ കരിങ്കൊടി കാട്ടാൻ വന്നാൽ റോഡിലിറങ്ങി നേരിടുമെന്നൊക്കെ പറയുന്നത് ആരുടെ ശൈലിയാണ്? അന്ധമായ സംഘ്പരിവാർ വിധേയത്വമാണ് ഗവർണറെ കൊണ്ട് ഇത്തരം വേഷങ്ങൾ കെട്ടിക്കുന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
ആർ.എസ്.എസിന് കേരളത്തിൽ നൂറ് വർഷം കൊണ്ട് കഴിയാത്തത് തനിക്ക് ഗവർണർ പദവിയിലൂടെ പെട്ടെന്ന് നേടിക്കൊടുക്കാൻ സാധിക്കുമെന്ന് കരുതുന്ന ആരിഫ് ഖാന് മലയാളിയുടെ രാഷ്ട്രീയ മനസ്സിനെകുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് വ്യക്തമാണ്.
ഗവർണറുടെ അന്തസ്സാര ശൂന്യമായ പെരുമാറ്റത്തിന് കൈയടിക്കാനും അദ്ദേഹത്തിന് പിന്തുണ നൽകാനും കോൺഗ്രസിലെ ഒരു വിഭാഗം പിന്നാലെ പോകുന്നത് അസൂയ മൂത്ത് സമനില തെറ്റിയത് കൊണ്ടാണ്. ചാൻസിലർ പദവിയിലിരുന്ന് രാഷ്ട്രീയ പക്ഷപാതപരമായും നിരുത്തരവാദപരമായും പെരുമാറിയ അദ്ദേഹത്തെ എത്രയും പെട്ടെന്ന് യു.പിയിലേക്ക് തിരിച്ചയക്കാൻ എന്തുണ്ട് പോംവഴി എന്നതിനെ കുറിച്ചാണ് ഭരണ–പ്രതിപക്ഷങ്ങൾ കൂട്ടായിരുന്ന് ആലോചിക്കേണ്ടതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.