കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്തി
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ 42കാരിയും കോഴിക്കോട്ടുകാരനായ 39കാരനുമാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ഇതിൽ മലപ്പുറം സ്വദേശിനിയെ പിന്നീട് പിടികൂടി. ഇവർ വൈകീട്ടോടെ മലപ്പുറം ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസിലെത്തുകയായിരുന്നു. ഗാർഡ് ഇവരെ പിന്നീട് വനിത സ്റ്റേഷനിലെത്തിച്ചു. രാത്രിയോടെ വനിത സ്റ്റേഷനിൽനിന്ന് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മലപ്പുറം സ്വദേശിനി വാർഡിന്റെ ചുമർ തുരന്നാണ് പുറത്തുകടന്നത്. ചുമരിന്റെ ഒരുഭാഗം നനച്ച് സ്റ്റീൽപാത്രം ഉപയോഗിച്ച് ഇവർ തുരന്ന് പുറത്തുകടക്കുകയായിരുന്നു. രണ്ടാം വാർഡിലെ അന്തേവാസിയായ പുരുഷൻ കുളിക്കാനായി വാർഡിൽ നിന്നിറങ്ങിയതാണ്. തിരിച്ചെത്താത്തത് അന്വേഷിച്ചപ്പോഴാണ് കാണാതായത് അറിഞ്ഞത്. ഇരുവരും മതിൽ ചാടിയാണ് പുറത്തുകടന്നത് എന്നാണ് വിവരം. പുരുഷനെ കഴിഞ്ഞ നവംബറിൽ പൊലീസും സ്ത്രീയെ ജനുവരിയിൽ ജില്ല ലീഗർ സർവിസ് അതോറിറ്റിയുമാണ് ഇവിടെയെത്തിച്ചതെന്ന് ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു സെല്ലിലെ രണ്ടു വനിതകൾ തമ്മിൽ സംഘർമുണ്ടായി മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണവും സുരക്ഷാപ്രശ്നങ്ങളും ചർച്ചയായതിന് പിന്നാലെയാണ് വൻ സുരക്ഷാവീഴ്ചയുണ്ടായി രണ്ടുപേർ ചാടിപ്പോയത്.
മതിയായ സുരക്ഷാജീവനക്കാരില്ലാത്തതിനാൽ നേരത്തെയും ഇവിടെ നിന്ന് പ്രതികളടക്കമുള്ളവർ രക്ഷപ്പെട്ടിരുന്നു. 2020 ജൂലൈയിൽ വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ, താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ്, എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്പിലെ നിസാമുദ്ദീൻ എന്നിവരും ചികിത്സക്കെത്തിച്ച മലപ്പുറം താനൂർ സ്വദേശിയുമാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.