‘ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് മരിക്കാൻ സാധിക്കുക’
text_fieldsജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് മരിക്കാൻ സാധിക്കുക. എന്ത് വന്നാലും ജീവിതം മനോഹരമാണ് എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമേ ഉള്ളൂ-ചിരി.’’
‘കാൻസർ വാർഡിലെ ചിരി’ എന്ന ആത്മകഥയിൽ ഇന്നസെന്റ് കുറിച്ച വാക്കുകളാണിവ. സമാധാനമായി ഒഴുകിപ്പോന്നിരുന്ന ജീവിതം അശാന്തമായി രോഗഭീതിയിലായപ്പോൾ രോഗകാലത്തെ നാടകമായി കണ്ട് കരച്ചിലിനെ ചിരിയാക്കിമാറ്റി ചെറുത്തുനിന്ന പോരാളിയായിരുന്നു അദ്ദേഹം. ‘‘ജീവിതം ഒരു മാത്ര മാറിയാൽ മതി അത് കീഴ്മേൽ മറിയാൻ. എന്തൊക്കെ എപ്പോഴാണ് സംഭവിക്കുമെന്നത് ആർക്കറിയാം.’’ അർബുദബാധിതനാകും മുമ്പ് തൃശൂർ ചേറ്റുവയിൽ ആൽഫ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ പരിപാടിയിൽ ഇന്നസെന്റ് പറഞ്ഞ വാക്കുകളാണിവ. വൈകാതെ രോഗബാധ ഇന്നസെന്റിന് സ്ഥിരീകരിക്കുകയും ചെയ്തു.
അർബുദ ബാധിതരെ ശുശ്രൂഷിക്കുന്ന ആൽഫയുടെ രക്ഷാധികാരിയായതും അതിന് ഏറെ മുമ്പാണ്. അത് ആത്മകഥയിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.‘‘ഒരുനാൾ ബാല്യകാല സുഹൃത്ത് നൂറുദ്ദീൻ എന്നോട് വന്നു പറഞ്ഞു; അർബുദ രോഗികളെ പരിചരിക്കാനും ആശ്വാസം പകരാനും അദ്ദേഹം തുടങ്ങുന്ന ആൽഫ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക് എന്ന ശുശ്രൂഷാലയത്തിന്റെ രക്ഷാധികാരി ആകണം. അന്ന് ഞാൻ ചിന്തിച്ചു. അർബുദവും ഞാനും തമ്മിൽ എന്ത് ബന്ധം. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ അദ്ദേഹത്തോടൊപ്പം അർബുദ രോഗികളെ നേർക്കുനേർ കണ്ടു. അവരുടെ വാടിയ മുഖം ഹൃദയത്തിൽ തൊട്ടു’’.
നാവിന്റെയും തൊണ്ടയുടെയും ഇടയിൽ ചെറിയ തടിപ്പ് വന്ന് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടിയപ്പോഴായിരുന്നു ഇന്നസെന്റ് എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിലെ ഡോ. വി.പി. ഗംഗാധരനെ കണ്ടത്. ഡോക്ടർ പറഞ്ഞതനുസരിച്ച് അത് ബയോപ്സിക്കയച്ചു. ഫലത്തിനായി കാത്തിരുന്ന സമയം ഭാര്യ ആലീസിനും മകനും ഭയമേറെയായിരുന്നുവെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ‘‘വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് പോയെങ്കിലും ആശങ്കയുടെ നാളുകളായിരുന്നു അത്. ഇടക്കിടെ ആലീസ് വിളിച്ച് ബയോപ്സി ഫലം എന്തായി എന്ന് ചോദിച്ചു. ഗംഗാധരൻ ഡോക്ടറെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന് മറുപടി. പിന്നീട് ഡോക്ടർ വിളിച്ചുപറഞ്ഞു -നാളെ ഹോസ്പിറ്റലിൽ വരൂ.. ഭയം വന്നുതുടങ്ങിയിരുന്നു.
ആ ദിവസം എറണാകുളത്ത് സംവിധായകൻ സത്യൻ അന്തിക്കാട് താമസിച്ച ഹോട്ടലിലെത്തി. വിവരങ്ങളറിയാവുന്ന സത്യൻ ചോദിച്ചപ്പോൾ പറഞ്ഞു-കുഴപ്പം ആണടാ..കരഞ്ഞുകൊണ്ട് പറഞ്ഞു. സത്യന്റെയും കണ്ണ് നിറഞ്ഞുപോയി. അവിടെനിന്നിറങ്ങി മകനോടൊപ്പം ലേക് ഷോർ ആശുപത്രിയിലേക്ക് .‘‘ചെറിയ കുഴപ്പമുണ്ട്. വലിയ കുഴപ്പമുള്ള കാര്യമല്ല. ലിംഫോമ-കാൻസറിന്റെ വകഭേദങ്ങളിലൊന്ന് ’’-ഗംഗാധരൻ ഡോക്ടർ പറഞ്ഞു. മാറുമോ-കരച്ചിലിന്റെ വക്കത്തെത്തുംപോലെ ചോദിച്ചു. ചികിത്സിച്ചാൽ മാറാവുന്നതേ ഉള്ളൂ-മറുപടി. തിരിച്ച് വണ്ടിയിൽ കയറുമ്പോൾ ആരും മിണ്ടുന്നില്ല. തൊട്ടടുത്ത് മറ്റൊരു വാഹനത്തിലെത്തിയ സ്ത്രീകൾ എന്നെ കണ്ട് നിലക്കാതെ ചിരിക്കുന്നു. ഉള്ള് പിടഞ്ഞ് ഞാനും. മകന്റെ കണ്ണിൽ നിറഞ്ഞ കണ്ണീർ’’-ഇന്നസെന്റ് ആത്മകഥയുടെ താളുകളിൽ കുറിച്ചു.
എത്ര വലിയ രോഗം വന്നാലും ജീവിതം നിരാശയിൽ ഒടുക്കേണ്ട ഒന്നല്ലെന്നും കരിഞ്ഞുപോയ കുറ്റികളിൽ നിന്നും ഏത് സമയത്തും പുത്തൻ തളിരുകൾ നാമ്പെടുക്കാം എന്നും ലോകത്തോട് പറയാനാണ് ശ്രമിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചികിത്സക്കൊപ്പം രോഗത്തെ മറികടക്കാനുള്ള യത്നങ്ങളാണ് വേണ്ടത്. ചിലർക്ക് ധൈര്യം, ചിലർക്ക് പ്രാർഥന. ഇന്നസെന്റ് ചിരിയെ ചേർത്തുപിടിച്ചു. പിന്നീട് അർബുദ കാലമായിരുന്നു. കീമോ ചെയ്ത അവസ്ഥയിൽ ഭക്ഷണത്തിന് രുചിയില്ല. വായിലെ തൊലി മുഴുവൻ പോയി. ഉറക്കമില്ല. മുടി പോയി. ലേക്ഷോറിൽ ചികിത്സിക്കാനെത്തിയ ലിസി ഡോക്ടറുടെ സാന്ത്വനം മാത്രമായിരുന്നു ആശ്വാസം. പിന്നീട് അറിഞ്ഞു ഡോക്ടറിനും അർബുദമായിരുന്നു. പല തവണ കീമോ കഴിഞ്ഞ് ഞാൻ ആശുപത്രിയിലായി. കുറെ കഴിഞ്ഞപ്പോൾ അർബുദം ഒരു ശീലമായി. അതിൽ നിന്ന് സ്വതസിദ്ധമായ നർമം ഉണ്ടാക്കാൻ സാധിച്ചു. രോഗകാലത്തെ മൊത്തം ഒരു നാടകമായി കാണാൻ സാധിച്ചപ്പോൾ ആദ്യകാലത്തെ കരച്ചിൽ പിന്നെപ്പിന്നെ ചിരിയായി മാറി.
ഒറ്റമൂലിക്കാർ, സുവിശേഷ പ്രഭാഷകർ, മൂത്രചികിത്സകർ എന്നിവർ അതിഥികളായെത്തി. അവർ ഇന്നസെന്റിന്റെ നിർദോഷ തമാശക്കഥകളുടെ കഥാപാത്രങ്ങളായി. ഇന്നസെന്റ് പറഞ്ഞിട്ടാണ് ഭാര്യ ആലീസിനെ മാമോഗ്രാം ടെസ്റ്റ് ചെയ്യിച്ചത്. ഒടുവിൽ ഫലം അറിഞ്ഞപ്പോൾ മകൻ അലറിക്കരഞ്ഞു. അവർക്കും അർബുദം. നിസ്സഹായതയോടെ അവർ കണ്ണിൽ നോക്കിയിരുന്നു. അന്ന് രാത്രി ആലീസിനെ ചേർത്തുപിടിച്ച് ഇന്നസെന്റ് പറഞ്ഞു‘‘ അർബുദം പകരുമെന്ന പേടി വേണ്ട. വെറുതെ ടെസ്റ്റ് ചെയ്തിട്ട് കാശ് പോവും എന്ന വേവലാതിയും മാറിക്കിട്ടിയില്ലേ.. നമ്മളിപ്പോൾ സന്തുഷ്ട കാൻസർ കുടുംബമായി’’
പിന്നീട് രണ്ടുപേരും ഒരുമിച്ച് റേഡിയേഷന് പോയിത്തുടങ്ങി. ഡോക്ടർമാരെ ദൈവമായി കാണാൻ തുടങ്ങി. അവർ പറയുന്നത് അനുസരിച്ച് മരുന്നുകളുമായി കൂട്ടുകൂടിത്തുടങ്ങി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമാത്തിരക്കിലമർന്നു. പ്രിയദർശന്റെ ഗീതാഞ്ജലിയായിരുന്നു അർബുദ കാലത്തിന് ശേഷമുള്ള ആദ്യപടം. പിന്നീട് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയ കഥ. ഇന്നസെന്റിന്റെ ചിരിക്കു മുന്നിൽ അർബുദം പതറിയ കാലം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ജനപ്രതിനിധിയായി. അതിജീവനത്തിന്റെ പ്രതീകമായി വീണ്ടും സജീവമായി സിനിമകളിൽ അഭിനയിച്ചുവരവേയായിരുന്നു കോശങ്ങളിൽ വീണ്ടും അർബുദം പിടിമുറുക്കിയത്. അവസാനം ആശുപത്രിമുറിയിൽ ചെറുചിരിയുമായി അദ്ദേഹം അർബുദവുമായി സൊറ പറഞ്ഞിരുന്നിരിക്കണം. ഒടുവിൽ ആശുപത്രിമണം നിറഞ്ഞ മുറിയിടവഴിയിൽനിന്ന് ഇന്നസെന്റ് യാത്ര പറഞ്ഞിറങ്ങി; ഒത്തിരി ചിരിക്കഥകൾ ബാക്കിയാക്കി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.