മലബാര്‍ കാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സ്ഥാപനം
text_fieldsമലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന് ശേഷം ഈ അതിനൂതന ചികിത്സ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന രണ്ടാമത്തെ സെന്റര്‍ എന്ന അഭിമാനകരമായ നേട്ടമാണ് ഇതുവഴി എംസിസി സ്വന്തമാക്കിയത്. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എം.സി.സിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.
ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട ഏക കാര്‍ ടി സെല്‍ കമ്പനി ആയ ഇമ്മ്യൂണോ ആക്ട് വഴിയാണ് കാര്‍ ടി സെല്‍ ഉൽപാദിപ്പിച്ചത്. സാധാരണ നിലയില്‍ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്‌കരണമാണ് 'പേഷ്യന്റ് അസ്സിസ്റ്റന്‍സ് പ്രോഗ്രം' വഴി 30 ലക്ഷം രൂപക്ക് ലഭ്യമാക്കിയത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുള്‍പ്പെടെ ചികിത്സയ്ക്ക് സഹായകമായി. സാധാരണക്കാര്‍ക്കും ഇത്തരം അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളായ ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. ഇവയുടെ പ്രധാന പ്രവര്‍ത്തനം രോഗ പ്രതിരോധമാണ്. കാര്‍ ടി സെല്‍ ചികിത്സാ രീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ വെച്ച് ജനിതക പരിഷ്‌കരണം നടത്തുന്നു.
ജനിതകമാറ്റം വരുത്തി അവയെ ട്യൂമര്‍ ആന്റിജനുകളെ ലക്ഷ്യം വച്ചുള്ള ആന്റിബോഡികള്‍ ഉപരിതലത്തില്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നു. ഇത്തരത്തില്‍ മാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ നല്‍കുന്നു. ഇത് ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും നിശ്ചിതമായ ടാര്‍ഗെറ്റ്ഡ് തെറാപ്പികളില്‍ ഒന്നാണിത്.
ഈ അത്യാധുനിക ചികിത്സയ്ക്ക് സവിശേഷതകളേറെയാണ്. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ കാര്‍ ടി സെല്ലുകള്‍ പ്രത്യേകമായി കാന്‍സര്‍ കോശങ്ങളെ ലക്ഷ്യമിടുന്നു. മാറാത്ത രക്താര്‍ബുദങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കാനാകും. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കാര്‍ ടി സെല്‍ തെറാപ്പി സാധാരണയായി ഒറ്റത്തവണ ചികിത്സയാണ്. പരമ്പരാഗത കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച് കാര്‍ ടി സെല്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കാര്‍ ടി സെല്‍ തെറാപ്പിക്ക് കഴിയും.
കാര്‍ ടി സെല്‍ തെറാപ്പിയുടെ ആശുപത്രിവാസ സമയം താരതമ്യേന കുറവാണ്. ആശുപത്രി വാസമില്ലാതെയും ഇത് നല്‍കാന്‍ സാധിക്കും. ത്വരിത വേഗത്തില്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് കാര്‍ ടി സെല്‍ തെറാപ്പി. മലബാര്‍ കാന്‍സര്‍ സെന്ററിനും ഈ ഗവേഷണത്തില്‍ മികച്ച സംഭാവന നല്‍കാന്‍ സാധിക്കും എന്നാണ് പ്രത്യാശിക്കുന്നത്. ഡോ. ചന്ദ്രന്‍ കെ. നായര്‍, ഡോ. അഭിലാഷ്, ഡോ. പ്രവീണ്‍ ഷേണായി, ഡോ. ഷോയിബ് നവാസ്, ഡോ. മോഹന്‍ദാസ്, ഡോ. അഞ്ജു കുറുപ്പ്, ഷിബിന്‍, സിന്ധു, നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ തെറാപ്പിക്ക് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.