മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: യു.ഡി.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് രണ്ടിന്
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എം.ഹസൻ. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും 12 ജില്ലാ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. അന്നേദിവസം മലപ്പുറത്ത് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാല്‍ അവിടെ നാലാം തീയതിയാണ് മാര്‍ച്ച്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണ്. രാജ്യദ്രോഹം, പണം വെളുപ്പിക്കല്‍, കള്ളക്കടത്ത് എന്നിവയെല്ലാം കേന്ദ്ര വിഷയങ്ങളാണ്. ഇല്ലാത്ത കേസില്‍ രാഹുല്‍ഗാന്ധിയെ 52 മണിക്കൂര്‍ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സി.പി.എം -ബി.ജെ.പി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്.
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്രക്കാരെ കാണുന്നില്ല, ജനങ്ങളോട് പറയുന്നില്ല. അസുഖമെന്ന് പറഞ്ഞ് ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉറക്കത്തില്‍ സ്വര്‍ണ സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയാണെന്നും ഹസന്‍ പരിഹസിച്ചു.
ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എറണാകുളത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, ഇടുക്കിയില്‍ പി.ജെ ജോസഫ്, തൃശൂരില്‍ എം.എം ഹസന്‍, കോഴിക്കോട് ഡോ. എം.കെ മുനീര്‍, കാസര്‍കോട് കെ.മുരളീധരന്‍ എം.പി, ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പാലക്കാട്ട് ബെന്നി ബെഹനാന്‍, പത്തനംതിട്ടയില്‍ സി.പി ജോണ്‍, വയനാട്ടില്‍ ജി. ദേവരാജന്‍ എന്നിവരാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.