താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്
text_fieldsകോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. അഡീഷനൽ ഡി.എം.ഒക്കാണ് അന്വേഷണ സമിതിയുടെ ചുമതല.
പുതുപ്പാടി കോരങ്ങൽ ഗിരീഷ് - ബിന്ദു ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് തിങ്കളാഴ്ച പുലർച്ചെ മരിച്ച സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രസവ വേദനയെതുടർന്ന് 2024 ഡിസംബർ 13 ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ, കൃത്യമായ പരിചരണം നൽകാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവെന്ന് ബിന്ദുവിന്റെ പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും കുട്ടിക്ക് ശ്വാസം ലഭിക്കാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മാസങ്ങളോളം കുഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
കുട്ടിയുടെ ആരോഗ്യപ്രശ്നത്തിന് കാരണമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ, ജില്ല പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.