കോടതി രേഖകൾ ദിലീപിന് ലഭിച്ചതിനെക്കുറിച്ച് അന്വേഷണം: കോടതി ജീവനക്കാരെ ചോദ്യം ചെയ്യും
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിലെ കോടതി രേഖകൾ ദിലീപിന് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിചാരണാക്കോടതിയിൽ അപേക്ഷ നൽകി. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണ്ടെന്ന് കോടതി അറിയിച്ചു. അന്വേഷണ സംഘത്തലവൻ ബൈജു പൗലോസാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണമുണ്ടാകും. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. 2018 ഡിസംബര്‍ 13ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഇക്കാര്യം പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. പകര്‍പ്പെടുക്കാന്‍ പോലും അനുമതിയില്ലാത്ത അതീവ രഹസ്യമായ കോടതി രേഖകളാണ് ദിലീപിന് ചോർന്നുകിട്ടിയത്.
അതേസമയം, നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തെങ്കിലുംക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. കാറിന്റെ രണ്ടു ടയറും പഞ്ചറാണ്. ബാറ്ററിയുമില്ല. കംഡിലെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് മടങ്ങി. നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും ഗുഢാലോചന നടത്തിയത് ഈ കാറിലിരുന്നാണെന്നാണ് ക്രൈബ്രാഞ്ച് നിഗമനം.
അടുത്ത ദിവസങ്ങളിൽ തന്നെ ഇരുവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരാണ് ദീലിപിന്റെ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് എസ്.പി സോജൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.