ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ അവ്യക്തത; എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെ ഡി.ജി.പി നൽകിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി എ.ഡി.ജി.പി സമ്മതിച്ചെന്നും എന്നാൽ അതിനുള്ള കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിയാകാന്‍ ആര്‍.എസ്.എസ് നേതാവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിവെക്കാനോ തള്ളിക്കളയാനോ തെളിവില്ലെന്നാണ് ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ റാം മാധവിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടതില്‍ അസ്വഭാവികതയില്ല. ഒരു വേദിയില്‍ ഒന്നിച്ച് എത്തിയപ്പോഴാണ് ഇവര്‍ കണ്ടത്, ഇതില്‍ ദുരുദ്ദേശമില്ല. ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
സന്ദര്‍ശനം വ്യക്തിപരമാണെങ്കിലും അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തെങ്കിലും സ്വാധീനത്തിന് ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഡി.ജി.പിയാകാനോ പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിക്കാനോ ആണ് അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന ആരോപണമുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഇത് ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. എന്നാല്‍ ഈ ആരോപണം ശരിയാണെങ്കില്‍ അത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്.
ദത്താത്രേയ ഹൊസബാളയെ കണ്ടതുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 2023 ഏപ്രിലില്‍ തൃശൂരില്‍വെച്ച് ആര്‍.എസ്.എസ് നേതാവ് ജയകുമാറാണ് ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. താന്‍ അങ്ങോട്ട് കാണാന്‍ താല്‍പര്യപ്പെടുകയായിരുന്നെന്നും വേറെയും രാഷ്ട്രീയ, സാമൂഹിക നേതാക്കളെ താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇത് തന്റെ ജോലിക്ക് സഹായകരമാണെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് ഡി.ജി.പി മുഖവിലയ്‌ക്കെടുത്തിട്ടില്ല. മാമി തിരോധാന കേസിൽ കുടുംബത്തിന്റെ താൽപര്യപ്രകാരമല്ല എ.ഡി.ജി.പി പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.