ഏലക്കയിൽ കീടനാശിനി; ശബരിമലയിലെ അരവണ പായസം വിതരണം ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ച് നിർമിക്കുന്ന അരവണ പായസം വിതരണം ചെയ്യുന്നത് ഹൈകോടതി തടഞ്ഞു. ഏലക്കയിൽ വലിയ തോതിൽ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈകോടതി നിർദേശിച്ചു. സുരക്ഷിതമായ ഏലക്ക എത്തിക്കുന്നത് വരെ ഏലക്ക ഇല്ലാതെ അരവണ നിർമിക്കാനാണ് കോടതി നിർദേശം. കരാർ നൽകിയ കമ്പനിയുടേതല്ലാത്ത ഏലക്ക ഉപയോഗിച്ച് നിർമിക്കുന്ന അരവണ പായസം ഭക്തർക്ക് വിതരണം ചെയ്യാം. കൂടാതെ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം ശബരിമലയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനോട് അരവണയുടെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കണമെന്നും കോടതി പറഞ്ഞു.
ഹൈകോടതിയുടെ നിർദേശപ്രകാരം രണ്ട് തവണയാണ് അരവണയുടെ ഗുണനിലവാരം പരിശോധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ലാബിൽ ഇതുപ്രകാരം പരിശോധന നടന്നു. അന്ന് ഏലക്കയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ഗുണനിലവാരമില്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷ കമീഷ്ണർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നൽകിയ ഹരജിയാണ് ഹൈകോടതി ഇപ്പോൾ പരിഗണിക്കുന്നത്. ഹരജി വീണ്ടും പരിഗണിച്ചപ്പോൾ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള ലാബിൽ പരിശോധിക്കണമെന്ന നിർദേശം ഹൈകോടതി നൽകി. എന്നാൽ ഇവിടെ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സ്പൈസസ് ബോർഡിന്‍റെ കൊച്ചിയിലെ ലാബിലേക്ക് പരിശോധനക്കയച്ചു.
ഇൗ ലാബിലെ പരിശോധനയുടെ റിപ്പോർട്ടാണ് ബുധനാഴ്ച ഉച്ചയോടെ എഫ്.എസ്.എസ്.എ.ഐ ഹൈകോടതിക്ക് കൈമാറിയത്. ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഏലക്കയിൽ ഉപയോഗിച്ചതായാണ് കണ്ടെത്തൽ.
ഫുഡ് സോഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ച 14 രാസവസ്തുക്കളുടെ സാന്നിധ്യവും ഏലക്കയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കോടതി ഉത്തരവ് വന്ന നിമിഷം മുതൽ അരവണയുടെ വിൽപന പൂർണമായി നിർത്തണമെന്ന നിർദേശം ദേവസ്വം ബോർഡിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.