ഡി.സി.സി സെക്രട്ടറിയുടെ വീട്ടിലെ പരിശോധന; ഫാരിസിന്റെ ഭൂമിയിടപാടുകളുടെ നിർണായക രേഖകൾ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിയുടെ വീട്ടിൽനിന്ന് നിർണായക രേഖകൾ ഇ.ഡിയും ആദായനികുതി വകുപ്പും പിടിച്ചെടുത്തു.
ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സൾട്ടൻറും ഡി.സി.സി സെക്രട്ടറി നാദിറയുടെ ഭർത്താവുമായ സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭൂമി, ബാങ്ക് ഇടപാടുകളുടെ ഉൾപ്പെടെ രേഖകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.
മണ്ണന്തലക്ക് സമീപമുള്ള വീട്ടിൽ 30 മണിക്കൂറിലേറെ പരിശോധന നടന്നു. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ചൊവ്വാഴ്ച രാത്രി വരെ തുടർന്നു. ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കണ്‍സള്‍ട്ടൻറായി 2018 മുതൽ സുരേഷ് ജോലി ചെയ്യുകയാണ്.
ഫാരിസ് 10 വർഷം മുമ്പ് ആരംഭിച്ച ദിനപത്രത്തിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറായും ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്രം മറ്റൊരു ഗ്രൂപ്പാണ് നടത്തുന്നത്. പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.
വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് കൊച്ചി വളന്തക്കാടിൽ ടൗണ്‍ഷിപ്പിനായി കണ്ടൽക്കാട് ഉള്‍പ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. എന്നാൽ പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഭൂമിവിൽപനയുടെ പ്രധാന ഇടനിലക്കാരനായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന്റെ വീട്ടിൽ പരിശോധന നടന്നത്.
മറ്റ് ചില വ്യക്തികളുടെ ഭൂമി ഇടപാടുകളും ഫ്ലാറ്റ് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും വേണ്ടിവരുമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അതിനിടെ, ഡി.സി.സി സെക്രട്ടറിയും കോൺഗ്രസ് അനുകൂല പെൻഷൻകാരുടെ സംഘടനാ നേതാവുമായ നാദിറയുടെ വീട്ടിൽ നടന്ന പരിശോധനയിൽ കോൺഗ്രസും വെട്ടിലായിട്ടുണ്ട്. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.