സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന; 81 കടകള്‍ അടപ്പിക്കാന്‍ നടപടി
text_fieldsതിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി.
വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.
കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്.
സ്‌കൂള്‍ പരിസരങ്ങളിലെ കടയുടമകളെല്ലാവരും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പരിശോധനയില്‍ കടകളില്‍ ലഭ്യമായ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.