ആദ്യം തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ; റണ്ണിങ് കോൺട്രാക്ട് റോഡുകളുടെ പരിശോധന നാളെ മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുക. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയത്രണത്തിൽ നാല് ഐ.എഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുക. ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും.
തിരുവനന്തപുരം ജില്ലയിൽ 1525 കിലോമീറ്റർ റോഡ് ആണ് റണ്ണിങ് കോൺട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420 ലക്ഷം രൂപയുടെ പ്രവൃത്തിയാണിത്. ഇടുക്കിയിൽ 2330 കിലോമീറ്ററിൽ 7357.72 ലക്ഷം രൂപയുടെയും, എറണാകുളം ജില്ലയിൽ 2649 കിലോമീറ്ററിൽ 6824.65 ലക്ഷം രൂപയുടെയും പ്രവൃത്തിയാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടക്കും.
റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി ഈ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പുവരുത്തുന്നതിനായാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.