ഇൻസ്പെക്ടർമാർ കുറവ്; മരുന്ന് പരിശോധന മരുന്നിനു മാത്രം
text_fieldsകോഴിക്കോട്: മെഡിക്കൽ ഷോപ്പുകളുടെയും ആശുപത്രികളുടെയും എണ്ണം ഗണ്യമായി വർധിക്കുമ്പോഴും മരുന്നിന്റെ ഗുണനിലവാര പരിശോധനക്ക് വേണ്ടത്ര ഡ്രഗ് ഇൻസ്പെക്ടർമാരില്ല. അതിനാൽ വിപണന കേന്ദ്രങ്ങളിലെ പരിശോധന പേരിലൊതുങ്ങുന്നു. മെഡിക്കൽ ഷോപ്പുകളിൽ വർഷത്തിൽ രണ്ടു തവണ പരിശോധന നടത്തണമെങ്കിലും ഒരു തവണ പോലും എത്താൻ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് കഴിയുന്നില്ല. പരിശോധനക്ക് പോകാൻ ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതും തിരിച്ചടിയാകുന്നു. 1998ലാണ് തസ്തിക പുനർനിർണയവും നിയമനവും നടന്നത്.
അതിനുശേഷം മെഡിക്കൽ ഷോപ്പുകളുടെ എണ്ണം അഞ്ചു മടങ്ങ് വരെ വർധിച്ചെങ്കിലും ഡ്രഗ് ഇൻസ്പെക്ടർമാരുടെ തസ്തിക വർധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ളത് 45 ഡ്രഗ് ഇൻസ്പെക്ടർമാരാണ്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒാരോ ഇൻസ്പെക്ടർമാരാണുള്ളത്. കൊല്ലം, പത്തംനംതിട്ട, ആലപ്പുഴ -രണ്ട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊല്ലം, കോട്ടയം- മൂന്ന്, കോഴിക്കോട് - നാല്, എറണാകുളം -അഞ്ച്, തിരുവനന്തപുരം ജില്ലയിൽ ആസ്ഥാന ഓഫിസിലടക്കം ഏഴ് എന്നിങ്ങനെയാണ് നിലവിൽ പരിശോധനക്ക് ഉദ്യോഗസഥരുള്ളത്.
മരുന്നുകളുടെ ഗുണനിലവാര പരിശോധന, വ്യാജ മരുന്നുകൾ കണ്ടെത്തൽ, അനധികൃത വിൽപന തടയൽ, മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും പരിശോധന, മെഡിക്കൽ ഷോപ്പുകൾക്ക് ലൈസൻസ് അനുവദിക്കൽ തുടങ്ങി വിവിധ ജോലികൾ ഈ വിഭാഗമാണ് ചെയ്യുന്നത്. ഐ.ബി ഇൻസ്പെക്ടർമാർ പരാതി ഉയരുമ്പോൾ മാത്രമാണ് പരിശോധനക്കിറിങ്ങുക. പരിശോധനക്ക് പോകാൻ എട്ടു ജില്ലകളിൽ വാഹനങ്ങളുമില്ല. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് വാഹനം ഉള്ളത്. മറ്റ് ജില്ലകളിലെ വാഹനങ്ങൾ കാലപ്പഴക്കം കാരണം ഒഴിവാക്കി. മലയോര മേഖലകളിൽ അടക്കം പരിശോധനക്ക് ഇൻസ്പെക്ടർമാർ സ്വന്തംനിലയിൽ പണം മുടക്കി പോകേണ്ട അവസ്ഥയാണ്.
മാത്രമല്ല 20 വർഷംവരെ ജോലിചെയ്ത ശേഷമാണ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റവും ലഭിക്കുന്നത്. പലരും ഡ്രഗ് ഇൻസ്പെക്ടർമാരായിത്തന്നെ വിരമിക്കുകയും ചെയ്യുന്നു. ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയെങ്കിലും സർക്കാർ ഗൗരവത്തിലെടുക്കുന്നില്ല. ജോലി ഭാരം താങ്ങാനാവുന്നതിലും അധികമാണെന്നും ഇൻസ്പെക്ടർമാർ പറയുന്നു.
മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് വിതരണം ഒ.എൻ.ഡി.എൽ.എസ് വൈബ്സൈറ്റ് വഴിയായതോടെ ജോലി ഭാരം വർധിക്കുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. മരുന്നു പരിശോധനക്കുള്ള സർക്കാർ ലാബുകളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ പരിശോധനക്ക് സാമ്പിൾ ശേഖരിക്കേണ്ട ജീവനക്കാരെ നിമയിക്കാൻ സർക്കാർ തയാറാവുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.ജീവനക്കാരുടെ കുറവ് പരിശോധനയെയും കാര്യമായി ബാധിക്കുന്നു. പലപ്പോഴും കൃത്യമായ പരിശോധന നടത്താൻ ജീവനക്കാർക്ക് സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.