ബീഡി തെറുത്ത് പഠനച്ചെലവ് കണ്ടെത്തിയ സുരേന്ദ്രൻ അമേരിക്കയിൽ ജഡ്ജി
text_fieldsകാസർകോട്: ബീഡിതെറുത്ത് സ്കൂൾ പഠനവും റൂം ബോയിയായി ജോലിചെയ്ത് നിയമപഠനവും പൂർത്തിയാക്കിയ ആ വിദ്യാർഥി ഇനി അമേരിക്കയിലെ ടെക്സസിൽ ജഡ്ജിയായി വിധി പറയും. കാസർകോട് ബളാൽ സ്വദേശി സുരേന്ദ്രൻ പട്ടേലാണ് ജനുവരി ഒന്നിന് ടെക്സസിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുക. കാഞ്ഞങ്ങാട് കോടതിയിൽ പ്രാക്ടീസ് ചെയ്ത സുരേന്ദ്രൻ കുറച്ചുകാലം സുപ്രീംകോടതിയിലും ഉണ്ടായിരുന്നു. തുടർന്നാണ് അമേരിക്കയിലേക്ക് പോയത്.
മലയോരത്തെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു സുരേന്ദ്രൻ. കൂലിപ്പണിക്കാരായ കോരൻ-ജാനകി ദമ്പതികളുടെ മകനാണ്. സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകം വാങ്ങാനുള്ള പണത്തിനായി സഹോദരിക്കൊപ്പം ബീഡിതെറുപ്പായിരുന്നു ജോലി. ബളാൽ ഗവ. ഹൈസ്കൂളിൽനിന്ന് കഷ്ടിച്ച് പത്താം ക്ലാസ് കടന്നുകൂടിയ സുരേന്ദ്രൻ പഠനം അവിടെ നിർത്താമെന്നു തീരുമാനിച്ചു. ഒരുവർഷം ബീഡി തെറുത്തു. അമ്മയുടെ ആഗ്രഹപ്രകാരം അടുത്ത വർഷം എളേരിത്തട്ട് കോളജിൽ ചേർന്നു. പിന്നീട് കോഴിക്കോട് ലോ കോളജിൽ ചേർന്നു.
പഠിക്കാനുള്ള പണം കണ്ടെത്താൻ ഹോട്ടലിൽ റൂം ബോയിയായി. ഉച്ച രണ്ടുമുതൽ രാത്രി 11 വരെയായിരുന്നു ജോലി. ഉച്ചക്ക് രണ്ടിനും നാലിനും ഇടയിൽ രണ്ടുമണിക്കൂർ ക്ലാസ് കട്ടുചെയ്തായിരുന്നു ജോലി. ഉറങ്ങാതെ പഠിച്ചു. മികച്ചനിലയിൽ നിയമപഠനം പൂർത്തിയാക്കി. കാഞ്ഞങ്ങാട് അപ്പുക്കുട്ടൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്ത സുരേന്ദ്രൻ ഭാര്യ ശുഭക്ക് ഡൽഹിയിൽ നഴ്സ് ആയി ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് കുടിയേറി.
അവിടെ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയിലെ ആശുപത്രിയിൽ ജോലി ലഭിച്ചപ്പോഴാണ് അമേരിക്കയിലേക്ക് കയറുന്നത്. അവിടെനിന്ന് നിയമ ബിരുദം നേടി. 2017ൽ അമേരിക്കൻ പൗരത്വം ലഭിച്ചു. യു.എസ് രീതിയനുസരിച്ച് പ്രാഥമിക പരീക്ഷയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിൽ സിറ്റിങ് ജഡ്ജിക്കെതിരെ മത്സരിച്ച് ജയിച്ചു. ജനറൽ തെരഞ്ഞെടുപ്പിലും ഒന്നാമനായി. മത്സരിച്ച് ജയിച്ച് ജില്ല ജഡ്ജിയാകുന്ന ആദ്യ മലയാളിയാണ് സുരേന്ദ്രൻ. കുറഞ്ഞ കാലം കൊണ്ട് മത്സരിച്ച് ജയിച്ച് ജഡ്ജിയാകുന്ന ആദ്യ കുടിയേറ്റക്കാരൻ എന്ന പ്രത്യേകതയും ഉണ്ട്. മക്കളായ അനഘ, സാന്ദ്ര എന്നിവർ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.