അംഗൻവാടികളും ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ; തുടക്കം മലപ്പുറത്ത്
text_fieldsമലപ്പുറം: പാട്ടും കളികളുമായി കുരുന്നുകൾ അംഗൻവാടികളിൽ ആടിത്തിമർക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇനി സി.സി.ടി.വിയിൽ പതിയും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻകരുതലുകൾ അംഗൻവാടികളിൽനിന്നുതന്നെ തുടങ്ങുന്നത് മലപ്പുറം നഗരസഭയാണ്. ഡേ കെയർ സെൻററുകളുടെയും പ്ലേ സ്കൂളുകളുടെയും പ്രവർത്തനം നിരീക്ഷിക്കാനും നഗരസഭതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി നഗരസഭയിലെ 64 അംഗൻവാടികളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. മുനിസിപ്പൽ ഓഫിസുമായി ഇവയെ ബന്ധിപ്പിച്ച് ഓൺലൈനായി നിരീക്ഷിക്കും. ഡേ കെയർ സെൻററുകളും പ്ലേ സ്കൂളുകളും എവിടെയും രജിസ്റ്റർ ചെയ്യുന്നില്ല. ഇവയുടെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ഡേ കെയർ സെൻറർ, പ്ലേ സ്കൂൾ അധികൃതരുടെ യോഗം വിളിച്ച് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും നിർദേശിക്കും. സ്കൂളുകളിലും ട്യൂഷൻ സെൻററുകളിലും കുട്ടികൾക്ക് പരാതിപ്പെട്ടികൾ വെക്കും.
സ്കൂളിൽ പി.ടി.എയും ട്യൂഷൻ സെൻററിൽ സ്ഥാപനമുടമയുമാണ് പരാതിപ്പെട്ടി സ്ഥാപിക്കേണ്ടത്. ഇതിെൻറ താക്കോൽ നഗരസഭയിൽ സൂക്ഷിക്കും. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് മാത്രമേ തുറക്കാൻ അധികാരമുള്ളൂ. മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി യോഗം ചേർന്ന് സുരക്ഷ സംവിധാനങ്ങൾ അവലോകനം ചെയ്യും. കുട്ടികൾക്ക് ദേഹോപദ്രവമുൾപ്പെടെ ഏൽക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലും ലൈംഗികാതിക്രമങ്ങൾ പെരുകുന്നത് കണക്കിലെടുത്തുമാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതെന്ന് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.