അഞ്ചു രൂപ നാണയത്തിനു പകരം സ്വർണ നാണയം നൽകി: യാത്രക്കാരന് നഷ്ടപ്പെട്ടത് ഒരു പവൻ
text_fieldsകുറ്റ്യാടി: ചില്ലറ നാണയമെന്ന് കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത് സ്വർണ നാണയം. കണ്ടക്ടർ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോഴാണ് കുറ്റ്യാടിയിൽനിന്ന് തൊട്ടിൽപാലത്തേക്ക് യാത്രചെയ്ത കരിങ്ങാട് സ്വദേശിക്ക് അബദ്ധം പറ്റിയത്.
വീട്ടിലെത്തി കീശ തപ്പിയപ്പോൾ സ്വർണനാണയം കാണാനില്ല. ഉടൻ കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും കണ്ടക്ടർ ചില്ലറയെന്ന് കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആർ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരൻ പറയുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന സമയത്ത് മലബാർ ഗോൾഡിൽനിന്ന് വാങ്ങിയ സ്വർണനാണയം മകളുടെ കോളജ് ഫീസടക്കാൻ വേണ്ടി വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, ഒരു കൂട്ടുകാരൻ പണം വായ്പനൽകിയതോടെ നാണയം വിൽക്കുന്നത് ഒഴിവാക്കി വീട്ടിലേക്കു തിരിക്കുമ്പോഴാണ് സംഭവം.
തളീക്കരക്കും തൊട്ടിൽപാലത്തിനും ഇടയിൽ യാത്രചെയ്ത ആർക്കോ ബാക്കി കൊടുത്തപ്പോൾ സ്വർണനാണയം കൊടുത്തുപോയിരിക്കാമെന്നാണ് കണ്ടകട്ർ പറയുന്നത്. അല്ലെങ്കിൽ ബസ് തൊട്ടിൽപാലത്തുനിന്ന് തിരിച്ച് വടകരക്ക് പോകുമ്പോഴായിരിക്കും എന്നും പറയുന്നു. കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.