ചീഫ് സെക്രട്ടറിയുടെ മെമ്മോക്ക് പ്രശാന്ത് ഐ.എ.എസിന്റെ ഏഴ് ചോദ്യങ്ങൾ; ചട്ടപ്രകാരം മറുപടി നല്‍കുന്നതിന് പകരം ചോദ്യങ്ങളടങ്ങിയ കത്ത്
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോക്ക് ഏഴ് ചോദ്യങ്ങളടങ്ങിയ കത്ത് തിരികെയയച്ച് കൃഷിവകുപ്പ് മുൻ സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്‍റെ അസാധാരണ നീക്കം. അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവരെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ ഡിസംബര്‍ ഒമ്പതിനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മെമ്മോ നൽകിയത്.
ചട്ടപ്രകാരം മെമ്മോ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. എന്നാല്‍, മറുപടി നല്‍കുന്നതിന് പകരം ചോദ്യങ്ങളടങ്ങിയ കത്താണ് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് നൽകിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടിക്കുമുമ്പ് എന്തുകൊണ്ട് തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടില്ലെന്നതാണ് കത്തില്‍ പ്രധാനമായും ഉയര്‍ത്തിയിട്ടുള്ള ചോദ്യം. തനിക്കെതിരെ ജയതിലകോ ഗോപാലകൃഷ്ണനോ പരാതി നൽകിയിട്ടില്ലെന്നും കത്തിൽ പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
ചോദ്യങ്ങൾ
തനിക്കെതിരെ ജയതിലകോ ഗോപാലകൃഷ്ണനോ പരാതി നൽകിയിട്ടില്ല. പരാതിക്കാരില്ലാതെ സർക്കാർ സ്വന്തം നിലയ്ക്ക് മെമ്മോ നൽകിയത് എന്തിനാണ്?
സസ്പെൻഷന് മുമ്പ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണ്?
ചാർജ് മെമ്മോക്കൊപ്പം അയച്ച തന്റെ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ആരാണ് ശേഖരിച്ചത്?
ഏത് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽനിന്നാണ് സ്ക്രീൻഷോട്ടുകൾ ശേഖരിച്ചത്?
ഏത് ഉദ്യോഗസ്ഥനെയാണ് സ്ക്രീൻ ഷോട്ടിനായി ചുമതലപ്പെടുത്തിയത്?
തനിക്ക് കൈമാറിയ സ്ക്രീൻഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങനെയാണെങ്കിൽ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽനിന്നാണ് ചാർജ് മെമ്മോ നൽകിയിരിക്കുന്നത്. സ്വകാര്യവ്യക്തി ശേഖരിച്ച സ്ക്രീൻഷോട്ടുകൾ എങ്ങനെയാണ് സർക്കാർ ഫയലിൽ കടന്നുകൂടിയത്?
ഐ.ടി നിയമപ്രകാരം കൃത്രിമം ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.