അവയവമാറ്റ ആശുപത്രി; കരട് റെഡി
text_fieldsകോഴിക്കോട്: കോഴിക്കോട്ട് വരാനിരിക്കുന്ന അവയവമാറ്റ ആശുപത്രിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കരട് പദ്ധതിരേഖ തയാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
തിരുത്തലുകളില്ലെങ്കിൽ ടെൻഡർ നടപടികളിലേക്ക് കടക്കും. കെട്ടിടനിർമാണത്തിന് മുന്നോടിയായി സ്ഥലം തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടിയും പൂർത്തിയായി. നിലവിൽ ലെപ്രസി ഹോം നിലനിൽക്കുന്ന ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ നിർമിക്കുക. കിഫ്ബിയിൽ 558.68 കോടി രൂപയാണ് ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനുമായി അനുവദിക്കുക. 30 വർഷം പാട്ടവ്യവസ്ഥയിലാണ് ഭൂമി നൽകുക. 25 ഏക്കർ ഭൂമിയിൽ രണ്ടുവർഷത്തിനകം ആശുപത്രിയും ഗവേഷണകേന്ദ്രവും ഉയരും.
അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഡെർമറ്റോളജി ആശുപത്രിയും പദ്ധതിയുടെ ഭാഗമായി മാറ്റിസ്ഥാപിക്കും. ഇതിനായി 25 കോടി നീക്കിവെക്കും. രണ്ടു സ്ഥാപനങ്ങളും എവിടെ നിർമിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായി. നിർവഹണ ഏജൻസിയായ എച്ച്.എൽ.എല്ലിന്റെ ഹൈറ്റ്സ് ആണ് കരട് റിപ്പോർട്ട് തയാറാക്കിയത്. സ്കെച്ച് തയാറാക്കൽ അവസാന ഘട്ടത്തിലാണ്. അവയവമാറ്റ കേന്ദ്രം യാഥാർഥ്യമായാൽ സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞ ചെലവിൽ അവയവമാറ്റം സാധ്യമാകും.
ചേവായൂരിൽ ആശുപത്രി സജ്ജമാവുന്നതുവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങും. ഇതിനുള്ള പ്രാരംഭ നടപടി പുരോഗമിക്കുകയാണ്. ഓപറേഷൻ തിയറ്റർ സജ്ജീകരിച്ചു. താൽക്കാലിക ആശുപത്രിയിൽ 40 കിടക്കകൾ, ഓപറേഷൻ തിയറ്റർ സൗകര്യങ്ങളുണ്ടാവും. ശസ്ത്രക്രിയകൾക്കുള്ള ഉപകരണങ്ങൾ വാങ്ങിക്കാനായി കേരള മെഡിക്കൽ സർവിസസ് കോർപറേഷന് നിർദേശം നൽകി. ചേവായൂരിലെ നിർദിഷ്ട ആശുപത്രിയിൽ 510 കിടക്കകളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.