പെറ്റിക്കേസിന് പൊലീസ് ക്ലിയറൻസ് നിഷേധിക്കരുതെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: പെറ്റിക്കേസുകളുടെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ നിർദേശം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തിയുള്ള ഉത്തരവിലാണ് ഡി.ജി.പി അനിൽകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ തീരുമാനം നിരവധി അപേക്ഷകർക്ക് ഗുണകരമാകും. പഠനാവശ്യത്തിനും ജോലിക്കും ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടത് നിലവിൽ പൊലീസാണ്. സ്ഥിര താമസക്കാരും ദീര്‍ഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതാത് പൊലീസ് സ്റ്റേഷനുകളിൽനിന്നാണ് സര്‍ട്ടിഫിക്കറ്റുകൾ വാങ്ങേണ്ടത്. എന്നാൽ, കേസുകളിൽ ഉൾപ്പെട്ടവര്‍ക്ക് പൊലീസ് ക്ലിയറൻസ് നൽകാറില്ല.
പെറ്റിക്കേസുകളിൽപെട്ടവര്‍ക്കും ഗതാഗത നിയമങ്ങൾ ലംഘിച്ച കേസിൽ പിഴയടച്ചവര്‍ക്കും ഉൾപ്പെടെ നിലവിൽ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ട്. ഇതുമൂലം പലർക്കും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമടക്കം ഉണ്ടാകുന്നു. പുതിയ ഉത്തരവിറക്കിയതോടെ സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളിൽ പൊലീസിന് തീരുമാനമെടുക്കാൻ സാധിക്കും. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും പൊലീസ് സ്റ്റേഷനുകളിൽനിന്നാണ് നേരത്തേ നൽകിയിരുന്നത്.
എന്നാൽ, ഹൈകോടതി നിർദേശപ്രകാരം അത് പാസ്പോര്‍ട്ട് ഓഫിസിൽ നിന്നാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പി പുറത്തിറക്കിയിരുന്നു. അതേസമയം നിരവധി തവണ ബോധപൂർവം ഗതാഗതനിയമ ലംഘനം നടത്തിയവരുണ്ടെങ്കിൽ അത്തരം കേസുകളിലുൾപെട്ടവർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത് പൊലീസ് പ്രത്യേകമായി പരിശോധിക്കും.
മത്സരയോട്ടം, അലക്ഷ്യമായ വാഹമോടിച്ച് അപകടം വരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തുടർച്ചയായി ചെയ്തവര്‍ക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ വിശദമായി പരിശോധിച്ചാകും തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.