സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയത് അന്വേഷിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം റൂറൽ എസ്.പിക്ക് ഡി.ജി.പി നിർദേശം നൽകി.സംഭവത്തെക്കുറിച്ച് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് നൽകിയ പരാതിയാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് റൂറൽ എസ്.പി ഡി. ശിൽപക്ക് കൈമാറിയത്. റൂറൽ പൊലീസിന്റെ സൈബർ വിഭാഗം ഇതുസംബന്ധിച്ച പരിശോധന നടത്തുമെന്നാണ് വിവരം.
തിരുവനന്തപുരം കാട്ടാക്കടയിലെ പ്രമുഖ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യക്തിവിവരങ്ങൾ പാകിസ്താൻ സംഘം ഹാക്ക് ചെയ്തെന്നതാണ് പരാതിക്ക് ആധാരം. കഴിഞ്ഞമാസം അവസാനമായിരുന്നു സംഭവം. സ്കൂളിലെ വ്യക്തിവിവരങ്ങൾ ‘ടീം ഇൻസെയ്ൻ പി.കെ’ എന്ന സംഘം ഹാക്ക് ചെയ്തെന്ന് സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.
സമ്പൂർണ പോർട്ടലിൽ സ്കൂൾ ലോഗിൻ ചെയ്യുമ്പോൾ ലഭ്യമാകുന്ന വിവരങ്ങളാണ് ചോർന്നത്. കുട്ടികളുടെ പേര്, ഫോട്ടോ, തിരിച്ചറിയൽ കാർഡ് നമ്പർ, ക്ലാസ്, ഫോൺ നമ്പർ, രക്ഷാകർത്താവിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിയ വ്യക്തി വിവരങ്ങൾക്കൊപ്പം എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ നടത്തുന്ന സോഫ്റ്റ്വെയറിലെ ലോഗിൻ വിവരങ്ങളും ചോർന്നു. ചോർത്തപ്പെട്ട ചില മൊബൈൽ ഫോണുകളിലേക്ക് ഹാക്കർമാരുടെ സന്ദേശം എത്തിയതോടെയാണ് കുട്ടികളുടെ രക്ഷാകർത്താക്കൾ വിവരമറിയുന്നത്.
ഇവർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പ്രധാനാധ്യാപിക കാട്ടാക്കട പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയർന്നു. വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതിനെതുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസിയായ കൈറ്റ് ഇക്കാര്യം പരിശോധിച്ചു. എന്നാൽ, സ്കൂളിലെ വിവരങ്ങൾ മാത്രമാണ് ഹാക്ക് ചെയ്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡേറ്റാബേസിന് ഒന്നും സംഭവിച്ചില്ലെന്നും കണ്ടെത്തി.
എങ്കിലും സ്വകാര്യ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ആശങ്ക പരിഗണിച്ച് കൈറ്റ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് കൈറ്റ് സി.ഇ.ഒ ഡി.ജി.പിക്ക് പരാതി നൽകിയത്. ഒരു സ്കൂളിന്റെ വിവരം മാത്രമാണ് ചോർന്നതെന്നും സ്കൂളിന്റെ ലോഗിൻ ഐ.ഡി പുറത്തുനിന്ന് എങ്ങനെയോ ലഭിച്ചതിനെതുടർന്നാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.