സർക്കാർ ഓഫിസുകളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിർദേശം
text_fieldsകൊച്ചി: സർക്കാർ ഓഫിസുകളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിർദേശം. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്ഥാപന മേധാവിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകി. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മാലിന്യ സംസ്കരണമാണെന്നും ഇത് ഏതെങ്കിലും ഒരു വകുപ്പിന്റെ മാത്രം ചുമതലയല്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
ഓഫിസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ഏകോപന സമിതി എല്ലാ മാസവും അതത് ഓഫിസുകളിലെ മാലിന്യ പരിപാലനവും ശുചിത്വവും വിലയിരുത്തും. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഓഫിസുകളിൽ ശുചിത്വ- മാലിന്യ പ്രവർത്തനങ്ങൾ വിലയിരുത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാനും സർക്കാർ നിർദേശത്തിലുണ്ട്. മുഴുവൻ ഓഫിസുകളിലും പൊതുശുചിത്വം, ടോയ്ലറ്റുകളുടെ വൃത്തി എന്നിവ ഉറപ്പാക്കുന്നതോടൊപ്പം മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. മാലിന്യം ഉറവിടത്തിൽതന്നെ തരംതിരിക്കണം. ഇതിനായി ജൈവ- അജൈവ മാലിന്യം തരംതിരിച്ച് ബിന്നുകൾ സ്ഥാപിക്കണം. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കാൻ കമ്പോസ്റ്റിങ് സജ്ജമാക്കി ഉദ്യോഗസ്ഥരെ പ്രവർത്തനം പരിശീലിപ്പിക്കണം. ഈമാസം 15നകം മുഴുവൻ ഓഫിസും വൃത്തിയാക്കി ഉപയോഗശൂന്യമായ ഫർണിച്ചർ, ഇ-മാലിന്യം എന്നിവ ഒഴിവാക്കണം. ഡിസ്പോസിബിൾ വസ്തുക്കൾക്ക് പകരം കഴുകി ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുകയും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കുകയും വേണം. ഓഫിസുകൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. നിരോധിത ഫ്ലക്സുകളും മറ്റും ഒഴിവാക്കി അലങ്കാരങ്ങൾക്കും മറ്റും പ്രകൃതിക്കിണങ്ങിയ സാമഗ്രികൾ ഉപയോഗിക്കണം. ശുചീകരണ തൊഴിലാളികൾക്ക് മാലിന്യം തരംതിരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നൽകണം. സർക്കാർ ജീവനക്കാർ വീടുകളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടണമെന്നും മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ഒഴുക്കിവിടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.