ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന്; തോമസ് കെ. തോമസ് എം.എൽ.എക്കും ഭാര്യക്കും എതിരെ കേസ്
text_fieldsആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസിനെതിരെ കേസ്. എം.എൽ.എയെ കൂടാതെ ഭാര്യ ഷേർളി തോമസിനുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഷണലിസ്റ്റ് മഹിള കോൺഗ്രസ് നേതാവ് ആർ.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി. ഡിസംബർ ഒമ്പതിന് ഹരിപ്പാട് നടന്ന എൻ.സി.പി ഫണ്ട് സമാഹരണ യോഗത്തിലാണ് സംഭവം. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
എൻ.സി.പി വനിത നേതാവിനെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ. തോമസ് എം.എൽ.എക്കെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ആലീസ് ജോസിയാണ് എം.എൽ.എക്കെതിരെ അന്ന് പരാതി നൽകിയത്.
ആഗസ്റ്റ് 23നാണ് സംഭവം നടന്നത്. പാർട്ടി ജില്ലാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയത് ചോദ്യം ചെയ്തതിന് തള്ളി വീഴ്ത്തി പരുക്കേൽപിച്ചെന്നാണ് ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് നടപടിയിൽ തനിക്കു പങ്കില്ലെന്നുമാണ് തോമസ് കെ. തോമസിന്‍റെ വിശദീകരണം.
എൻ.സി.പി സംസ്ഥാന അധ്യക്ഷനും കുട്ടനാട് മുൻ എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. 2019ൽ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജേക്കബ് എബ്രഹാമിനെ 5516 വോട്ടിന് പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ തോമസ് കെ. തോമസ് നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.