ദുരന്തഭൂമി സന്ദർശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബർ ‘ചെകുത്താനെ’തിരെ കേസ്
text_fieldsതിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. 'ചെകുത്താൻ' എന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ ഹൗസിൽ അജു അലക്സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. ടെറിട്ടോറിയൽ ആർമി ലഫ്റ്റനന്‍റ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിരെയാണ് 'ചെകുത്താൻ' എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.
കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.