മൂന്ന് സീസണുകളിൽ ഇൻഷുറൻസ് കമ്പനികൾക്ക് ലാഭം 10380 കോടി
text_fieldsപാലക്കാട്: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന (പി.എഫ്.എം.ബി.വൈ) പദ്ധതിയിൽനിന്ന് കർഷകർ പിൻവാങ്ങുന്നു. പദ്ധതികൊണ്ട് കർഷകർക്ക് നേട്ടമില്ലെന്നും ഇൻഷുറൻസ് കമ്പനികൾക്ക് അമിത ലാഭമാണെന്നും കേന്ദ്ര കാർഷിക-കർഷക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. 2016 മുതൽ 2017 ഖാരിഫ് സീസൺവരെ മാത്രം 18 ഇൻഷുറൻസ് കമ്പനികൾക്ക് 10,380 കോടി രൂപയുടെ ലാഭമുണ്ടായതായി രേഖകൾ വ്യക്തമാക്കുന്നു. 2016ലെ ഖാരിഫ് വിള ഇൻഷുറൻസ് പദ്ധതിയിൽ 4.02 കോടി കർഷകർ ഉൾപ്പെട്ടിരുന്നുവെങ്കിൽ ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം കർഷകർ പദ്ധതിയിൽനിന്ന് പിൻവാങ്ങി.
2017 ഖാരിഫ് വിളയിൽ 3.46 കോടി കർഷകരാണ് പദ്ധതിയിലുൾപ്പെട്ടത്. പദ്ധതിയിലുൾപ്പെട്ട കൃഷി ഭൂമിയിലും അനുവദിച്ച പണത്തിലും ആനുപാതികമായ കുറവുണ്ടായി. 2016ൽ കേരളത്തിൽ 31,531 കർഷകർ പദ്ധതിയിൽ ചേർന്നപ്പോൾ 2017ൽ 28,364 പേരായി ചുരുങ്ങി. ആഗസ്റ്റിൽ പദ്ധതിയുടെ മൂല്യനിർണയം കേന്ദ്ര സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പദ്ധതി പരിധിയിൽ വരുന്ന കർഷകരുടെയും കൃഷിഭൂമിയുടെയും എണ്ണവും അളവും കുറയുകയാണെന്ന് പഠനത്തിൽ പറയുന്നു.
2017-18 വർഷത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 9,679 കോടിയും കർഷകർ 3916 കോടിയും പ്രീമിയം ഇനത്തിൽ കമ്പനികൾക്ക് നൽകി. ഇൻഷുറൻസ് കമ്പനികളുടെ എണ്ണം 18ൽനിന്ന് 10 ആക്കി കുറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 19,258 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനികൾക്ക് 2017ൽ പ്രീമിയം ഇനത്തിൽ ലഭിച്ചത്. അതേസമയം, 15,180 കോടി രൂപയാണ് കർഷകർക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകിയത്. 2016-17 റാബി സീസണിൽ 5915.18 കോടി പ്രീമിയം ഇനത്തിൽ കമ്പനികൾക്ക് ലഭിച്ചപ്പോൾ നഷ്ടപരിഹാരമായി 5464.71 കോടിയാണ് നൽകിയത്. 2016 ഖാരിഫ് സീസണിൽ 16275.90 കോടി പ്രീമിയം ഇനത്തിൽ ലഭിച്ചപ്പോൾ നഷ്ടപരിഹാരമായി 10424.79 കോടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.