കൈവിടുമെന്ന് ഇൻഷുറൻസ് കമ്പനി; റീ ഇംബേഴ്സ്മെന്റ് പുനഃസ്ഥാപിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: മെഡിസെപ് നിലവിൽ വന്നതോടെ, നിർത്തലാക്കിയ ആനുകൂല്യം ധനവകുപ്പ് പുനഃസ്ഥാപിച്ചത് മെഡിസെപ്പിന്റെ ഭാഗമായ ഇൻഷുറൻസ് കമ്പനി കൈവിട്ടതോടെയെന്ന് സൂചന. നിലവിൽ ലഭിച്ച പ്രീമിയത്തെക്കാൾ കൂടുതൽ തുക െക്ലയിമായി നൽകിയെന്ന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സർക്കാറിനെ അറിയിച്ചിരുന്നു. പിന്നാലെ, െക്ലയിം അപേക്ഷകളിൽ പണം അനുവദിക്കുന്നതിൽ കടുംപിടിത്തവും തുടങ്ങി.
അടുത്തവർഷം ജൂൺ വരെ കരാറുണ്ടെങ്കിലും െക്ലയിമുകൾ കൂട്ടത്തോടെ വെട്ടിക്കുറക്കുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് നിർത്തലാക്കിയ റീ ഇംബേഴ്സ്മെന്റ് തിരികെ കൊണ്ടുവന്നതത്രേ. മെഡിസെപ് അടുത്ത വർഷം തുടരണമോയെന്ന് ആലോചിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ച സർവിസ് സംഘടന യോഗത്തിൽ മെഡിസെപ്പിന്റെ ചുമതലയുള്ള ഡോ. ശ്രീറാം വെങ്കിട്ടരാമൻ അവതരിപ്പിച്ച റിപ്പോർട്ടിലും കമ്പനി അറിയിച്ച ആശങ്കകൾ വിശദീകരിച്ചിരുന്നു.
മെഡിസെപ് തുടരുന്നത് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. സമിതിയോഗം ഉടൻ ചേരാനിരിക്കെയാണ് റീ ഇംബേഴ്സ്മെന്റ് പുനഃസ്ഥാപിച്ച് ഉത്തരവായത്. ഇതോടെ, മെഡിസെപ്പിന് മുമ്പ് റീ ഇംബേഴ്സ്മെന്റ് സംവിധാനം ഫലപ്രദമായി ഉപയോഗിച്ചിരുന്ന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പരാതി പരിഹരിക്കാനാകും. മെഡിസെപ് പ്രകാരം ലഭ്യമല്ലാത്ത ചികിത്സകൾക്ക് ഇഷ്ടമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയാൽ റീ ഇംബേഴ്സ് ചെയ്ത് ലഭിക്കും.
കേരള ഗവ. സെർവന്റ്സ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം (കെ.ജി.എസ്.എസ്.എം.എ) പ്രകാരം എംപാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സക്കാണ് റീ ഇംബേഴ്സ്മെന്റ് ലഭിക്കുക. മെഡിസെപ്പിലെ പരിരക്ഷാപരിധി കടന്നവർക്കും സ്വകാര്യ ആശുപത്രി ചികിത്സക്ക് റീ ഇംബേഴ്സ്മെന്റ് സൗകര്യം ലഭിക്കുമെന്ന് സർക്കാർ ഉത്തരവിലുണ്ട്.
ആയുർവേദം, ഹോമിയോ ചികിത്സകൾക്കും റീ ഇംബേഴ്സ്മെന്റ് ലഭിക്കും. മെഡിസെപ്പിൽ ചേരാത്ത, എംപാനൽ ചെയ്ത ആശുപത്രികളിൽ നവംബർ 22വരെ നടത്തിയ കിടത്തിച്ചികിത്സകൾക്കും പണം ലഭിക്കും.
കേരളത്തിന് പുറത്തെ ആശുപത്രികളിലെ ചികിത്സക്കും ഇത് ബാധകമാണ്. മെഡിസെപ്പിൽ ശ്രീ ചിത്ര മെഡിക്കൽ സെന്റർ ചേരുന്നതുവരെ റീ ഇംബേഴ്സ്മെന്റ് ലഭ്യമാകും. എന്നാൽ, ഒരു ചികിത്സക്ക് ഒരേസമയം മെഡിസെപ് പരിരക്ഷക്കും റീ ഇംബേഴ്സ്മെന്റിനും അർഹതയുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.