ഇഷ്ടക്കാരെ നിറച്ചു; രഹസ്യാന്വേഷണ വിഭാഗം മുടന്തുന്നു
text_fieldsതിരുവനന്തപുരം: രാഷ്ട്രീയക്കാരുടെയും പൊലീസ് ഉന്നതരുടെയും ഇഷ്ടക്കാരെ 'തിരുകിക്കയറ്റി'യതിനെ തുടർന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രവർത്തനം മുടന്തുന്നു. അനിഷ്ടസംഭവങ്ങളും അക്രമങ്ങളും ഉൾപ്പെടെ മുന്നേകൂട്ടി കണ്ട് തടയിടാൻ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ ചുമതല.
അതിനായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. യൂനിഫോം ധരിക്കാതെ, വിശ്രമിക്കാൻ കഴിയുന്ന ഇടമായി ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ചിനെ കണ്ടുതുടങ്ങിയതോടെയാണ് പൊലീസിലെ ഈ നിർണായക വിഭാഗത്തിന്‍റെ പ്രവർത്തനം അവതാളത്തിലായത്.
സ്പെഷൽ ബ്രാഞ്ച് നിയമനം ലഭിക്കാൻ സേനാംഗങ്ങളുടെ ഇടിയാണ്. മുൻകാലങ്ങളിൽ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫീൽഡിലിറങ്ങി പ്രവർത്തിച്ച് പൊതുജനങ്ങളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ച് കൃത്യമായ റിപ്പോർട്ടുകൾ കൈമാറിയിരുന്നു.
സ്റ്റേഷനുകളിലെ പ്രവർത്തന പരിചയമുൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്പെഷൽ ബ്രാഞ്ചിലേക്ക് നിയോഗിച്ചിരുന്നത്. വലിയ പ്രശ്നങ്ങളുണ്ടാക്കുമായിരുന്ന പല സംഭവങ്ങളും പൊലീസ് നിർവീര്യമാക്കിയത് ഇവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു.
എന്നാൽ, സ്റ്റേഷൻ ഡ്യൂട്ടി നടത്തി പരിചയസമ്പന്നരല്ലാത്ത യുവാക്കളായ പൊലീസുകാരെയാണ് ഇപ്പോൾ കൂടുതലായി സ്പെഷൽ ബ്രാഞ്ചിൽ നിയമിക്കുന്നത്.
ഇവരിൽ പലരും പുറത്തിറങ്ങി ജോലി ചെയ്യുന്നില്ല. സ്റ്റേഷനുകളിലെ ജനറൽ ഡയറി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് അന്ന് ആ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ടായി കൈമാറുന്നതാണ് ഇവരുടെ രീതി.
ഇതുമൂലം നടന്നുകഴിഞ്ഞ സംഭവങ്ങളുടെ റിപ്പോർട്ട് മാത്രമാണ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിക്കുന്നതിലേറെയും. നടക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ സൂചന ലഭ്യമാകുന്നില്ല.
ആ പാളിച്ചയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നേരെ അടുത്തിടെയുണ്ടായ പരസ്യ പ്രതിഷേധങ്ങളിലേക്കെല്ലാം വഴിവെച്ചത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുൾപ്പെടെ മുൻകൂട്ടി അറിയാത്തതും ഇതുകാരണമാണെന്ന് പൊലീസ് സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.